@ വലിയങ്ങാടിയിൽ സൺഷെയ്ഡ് തകർന്ന് മരണം മുഴുവൻ കെട്ടിടങ്ങളും പരിശോധിക്കും
- മരിച്ചവർക്ക് നാടിന്റെ അന്ത്യാഞ്ജലി, ഹർത്താൽ പൂർണം
- ഫോറൻസിക് പരിശോധന നടത്തി
- മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം സഹായധനം
കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സൺഷെ യ്ഡ് തകർന്ന് നാലുപേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ ഉടമസ്ഥതയിലുള്ള മുഴുവൻ കെട്ടിടങ്ങളുടെയും ഫിറ്റ്നസ് പരിശോധിക്കും. ഇതുസംബന്ധിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ കോർപ്പറേഷൻ സെക്രട്ടറിക്ക് മേയർ ഒ.സദാശിവൻ നിർദ്ദേശം നൽകി. സംഭവ സ്ഥലത്ത് ഇന്നലെ ഫോറൻസിക് സംഘം പരിശോധന നടത്തി. സൺഷെയ്ഡ് തകർന്ന സ്ഥലം മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ കെ.ബെെജുനാഥ് സന്ദർശിച്ചു. സ്വമേധയാ കേസെടുത്ത കമ്മിഷൻ സംഭവത്തിൽ പ്രഥമ ദൃഷ്ട്യാ മനുഷ്യാവകാശ ലംഘനം കണ്ടെത്തി. സംഭവത്തിൽ ജില്ലാ കളക്ടറോടും കോർപ്പറേഷൻ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. അതേസമയം മരിച്ചവരുടെ കുടുംബത്തിന് മേയറുടെ ഫണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് 50, 000 രൂപ നൽകും. കോർപ്പറേഷൻ അനാസ്ഥയ്ക്കെതിരെ യു.ഡി.എഫും ബി.ജെ.പിയും പ്രതിഷേധവുമായി ഇന്നലെയും രംഗത്തെത്തി. കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും നടത്തി. തൊഴിലാളികളുടെ മരണത്തിൽ അനുശോചിച്ച് വലിയങ്ങാടിയിൽ ഇന്നലെ നടത്തിയ കടയടപ്പ് സമരം പൂർണമായിരുന്നു. അത്തോളി കുനിയിൽ കടവ് സ്വദേശി ബഷീറിന്റെ മരണത്തിൽ അനുശോചിച്ച് അത്തോളിയിൽ ഇന്നലെ രാവിലെ 10 വരെ ഹർത്താൽ ആചരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാലുപേർ മരിച്ചത്. കെട്ടിടത്തിന് താഴെ വിശ്രമിക്കുകയായിരുന്ന മാങ്കാവ് കിണാശ്ശേരി ജബ്ബാർ, അത്തോളി സ്വദേശികളായ ബഷീർ, അഷറഫ്, തിരുവങ്ങൂർ സ്വദേശി വിനോദൻ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കിണാശ്ശേരി സ്വദേശി അബ്ദുൾ ജലീൽ ബീച്ച് ആശുപത്രിയിൽ ചികിത്സയിലാണ്.
തകർന്ന കെട്ടിടം 'അൺഫിറ്റ് ' അല്ല
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ കാലപ്പഴക്കം ചെന്ന കെട്ടിടങ്ങൾ പതിനാറെണ്ണമാണെന്ന് മേയർ ഒ.സദാശിവൻ.കാലപ്പഴക്കം കാരണം പുതുക്കി പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇവ അൺഫിറ്റ് അല്ല. വലിയങ്ങാടിയിൽ അപകടമുണ്ടായ കെട്ടിടവും ഇത്തരത്തിൽ പുതുക്കി പണിയാൻ തീരുമാനിച്ചതാണ്. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് എൻജിനിയറിംഗ് വിഭാഗം കണ്ടെത്തിയെങ്കിലും അൺഫിറ്റ് ആണെന്ന റിപ്പോർട്ട് കോർപ്പറേഷന് നൽകിയിരുന്നില്ല. അതിനാലാണ് നേരത്തെയുള്ളവരെ കച്ചവടം നടത്താൻ അനുവദിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാലപ്പഴക്കമുള്ള കെട്ടിടങ്ങളുടെ കൃത്യമായ കണക്ക് കോർപ്പറേഷന്റെ പക്കലില്ലാത്തത് അനാസ്ഥയ്ക്ക് തെളിവാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിക്കുന്നു.
വിജനമായി വലിയങ്ങാടി
കെട്ടിടത്തിന്റെ സൺഷെയ്ഡ് തകർന്ന് നാല് തൊഴിലാളികൾ മരിച്ചതിനെ തുടർന്ന് വലിയങ്ങാടി ഇന്നലെ അടച്ചിട്ടു. സാധാരണ തിരക്കേറിയ വലിയങ്ങാടി ആളൊഴിഞ്ഞു കിടന്നു. വിവരമറിയാതെ ലോഡുമായെത്തിയ ചരക്കുലോറികൾ ലോഡിറക്കാതെ നിറുത്തിയിട്ടു.