'തളിരിടും'കർഷകരുടെ പ്രതീക്ഷ

Wednesday 25 February 2026 12:48 AM IST
തു​ര​ങ്ക​പാ​ത​ ​പ്ര​വൃ​ത്തി​ ​ന​ട​ക്കു​ന്ന​ ​മ​റി​പ്പു​ഴ​ ​സ്വ​ർ​ഗം​കു​ന്നി​ലെ​ ​വി​ദൂ​ര​ ​ദൃ​ശ്യം.​ ..​ ​ക​മു​ക്,​ ​കു​രു​മു​ള​ക് ​ വി​ള​ക​ളാ​ണ് ​ഇ​രു​വ​ശ​വും.

തുരങ്കപാത കടന്നുപോകുന്ന തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലെ ആനക്കാംപൊയിൽ, മുത്തപ്പൻപുഴ, മറിപ്പുഴ, കുണ്ടൻ തോട്, സ്വർഗംകുന്ന് പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന ജീവിത മാർഗം കൃഷിയാണ്. തുരങ്കമുഖം ആരംഭിക്കുന്ന മറിപ്പുഴയിൽ കൃഷിയെ മാത്രം ആശ്രയിച്ച് കഴിയുന്ന നാൽപ്പതിലധികം കുടുംബങ്ങളുണ്ട്. എന്നാൽ ദുർഘട വഴികളിലൂടെ കുന്നിറങ്ങി വിപണി പിടിക്കുക പ്രയാസമായതോടെ ഇവരിൽ ഏറെപ്പേരും കൃഷി ഉപേക്ഷിച്ചു. ചിലരാകട്ടെ പിറന്ന മണ്ണ് വിട്ടുപോകാൻ മടിയുള്ളതിനാൽ കാർഷിക വിളകളെ മൂല്യവർദ്ധിത ഉത്പന്നങ്ങളാക്കി ഫാം ടൂറിസത്തിലൂടെ വരുമാനമുണ്ടാക്കാൻ ശ്രമിക്കുന്നു. തുരങ്കപാത യാഥാർത്ഥ്യമായാൽ യാത്ര മാത്രമല്ല, ചരക്കുഗതാഗതവും സുഗമമാകുന്നതോടെ മലയോരത്തെ കാർഷിക മേഖലയ്ക്ക് പുതുവഴി തെളിയുമെന്ന പ്രതീക്ഷയിലാണ് കർഷക ജനത.

 ഭക്ഷ്യ, നാണ്യ വിളകളുടെ പറുദീസ

വാഴ, കമുക്, തെങ്ങ്, കൊക്കോ, ജാതി, കുരുമുളക്, പഴവർഗങ്ങൾ തുടങ്ങിയവ സമൃദ്ധമായി വളരുന്ന ഭൂമിയാണ് കിഴക്കൻ മലയോരം. കൃഷിയാണ് ഇവിടത്തുകാരുടെ പ്രധാന വരുമാന മാർഗം. പൊന്ന് വിളയുന്ന ഭൂമിയാണെങ്കിലും അവയിൽ നിന്നുള്ള ഉത്പന്നങ്ങൾക്കുള്ള വിപണി കണ്ടെത്താൻ കർഷകർക്ക് കഴിഞ്ഞില്ല. വാഹനങ്ങളും ആവശ്യത്തിന് റോഡുകളുമില്ലാത്തതിനാൽ കാർഷിക വിളകൾ തലയിലേറ്റി കിലോമീറ്ററോളംചുമന്നാണ് കൊണ്ടുപോയത്. രാവിലെയും വെെകിട്ടുമുള്ള ഒരേയൊരു ബസ് സർവീസാണ് ഇവരുടെ പ്രധാന ആശ്രയം. അസൗകര്യങ്ങൾക്കിടയിൽ വന്യമൃഗശല്യം ജീവനും സ്വത്തിനും ഒരുപോലെ ഭീഷണിയായിത്തുടങ്ങിയതോടെ പലരും വീടുവിട്ടിറങ്ങി. വിളകളുടെ രോഗബാധയും വിലയിടിവും കാർഷികവൃത്തിയിൽ നിന്ന് പലരേയും പിന്നാക്കമടിപ്പിച്ചു. ഇപ്പോൾ പത്തിൽ താഴെ കുടുംബങ്ങളാണ് കൃഷിയെ ആശ്രയിച്ച് കഴിയുന്നത്.

 സുഗമമാകും വിളകളുടെ വിപണനം

വയനാട്ടിലെയും കോഴിക്കോടിന്റെ മലയോര മേഖലകളിലെയും കാർഷിക വിളകളുടെ വിപണനം പാത വരുന്നതോടെ എളുപ്പമാകും. കാർഷിക വിളകൾ കേടാകാതെ മാർക്കറ്റിലെത്തിക്കുന്നതിനാൽ കർഷകർക്ക് മികച്ച ആദായം ലഭ്യമാകും. കൂടാതെ കർണാടകയിൽ നിന്നുള്ള ചരക്ക് വാഹനങ്ങൾക്ക് ചുരം കയറാതെ എളുപ്പത്തിൽ വയനാട്ടിലേക്കും കോഴിക്കോട്ടേക്കും എത്താനും സാധിക്കും. വനൃമൃഗ ശല്യവും ഇല്ലാതാകുന്നതോടെ കർഷകർക്ക് ധെെര്യമായി കൃഷിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സാധിക്കും. കാർഷിക മേഖലയിലെ നൂതന കൃഷി രീതികൾ പരിചയപ്പെടാനും അവ കൃഷിയിടങ്ങളിൽ നടപ്പിലാക്കുന്നതോടെ മെച്ചപ്പെട്ട വിളകളും ലഭിക്കും.

ഫാം ടൂറിസത്തിന് പുത്തൻ പ്രതീക്ഷ

ഫാം ടൂറിസത്തിന്റെ വളർച്ചയിലേക്ക് വഴിയൊരുങ്ങുന്നതായിരിക്കും പുതിയ പാത. വിവിധതരം കൃഷികളെയും കൃഷിരീതികളെയും അടുത്തറിയാൻ ഇതുവഴി സാധിക്കും. കൃഷിയും വിനോദ സഞ്ചാരവും കൂട്ടിയിണക്കുക വഴി കാ‌ർഷിക മേഖലയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കും. ഓരോ കൃഷിയിടത്തെയും ഓരോ ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുന്നതോടെ കർഷകരുടെയും നാടിന്റെ പൊതുവായ വരുമാനം കൂടിയാണ് വർദ്ധിക്കുന്നത്. ഇതിനോടകം തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ട് വിജയകരമാണ്. കുന്നുംമേടും താണ്ടി നിരവധി ആളുകൾ കൃഷിയെകുറിച്ചറിയാൻ ഇവിടെയെത്തുന്നു. പാത യാഥാർത്ഥ്യമാകുന്നതോടെ വിദേശികളെയടക്കം ഇവിടേക്ക് ആകർഷിക്കാനാകും. കാർഷികോത്പന്നങ്ങൾ കൃഷിയിടത്തിൽ തന്നെ വിൽക്കാനും മികച്ച വില നേടാനും കർഷകർക്ക് സാധിക്കും.