കൽപ്പൂർ- തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നവീകരണം 74 ലക്ഷത്തിന്റെ ഭരണാനുമതി കുടിവെള്ളം മുട്ടില്ല, ജലസേചനവും

Wednesday 25 February 2026 12:49 AM IST
റെഗുലേറ്റർ കം ബ്രിഡ്ജ്

മുക്കം: കാരശേരി പഞ്ചായത്തിലെ കൽപ്പൂർ -തോട്ടക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് നവീകരിക്കാൻ 74 ലക്ഷം രൂപയുടെ ഭരണാനുമതിയായി. പഴയ ഷട്ടറുകൾ നശിച്ച് ജലസംഭരണം സാദ്ധ്യമല്ലാത്ത അവസ്ഥയായിരുന്നു. ഇതിന് പരിഹാരമായി ഫൈബർ റീ ഇൻഫോഴ്‌സ്ഡ് പ്ലാസ്റ്റിക് (എഫ്ആർബി) ഷട്ടറുകൾ സ്ഥാപിക്കുന്നതിനും തീരസംരക്ഷണത്തിനുമാണ് പദ്ധതി നടപ്പാക്കുന്നത്. നവകേരള സദസിൽ വന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ 50 ലക്ഷം അനുവദിച്ചിരുന്നെങ്കിലും പ്രവൃത്തികളുടെ എണ്ണം പരിമിതപ്പെടുത്തേണ്ടി വന്നപ്പോൾ ഒഴിവാക്കുകയായിരുന്നു. ഷട്ടർ മാറ്റി സ്ഥാപിക്കുന്നതോടെ കൽപ്പൂർ, ആറാംബ്ലോക്ക്‌, കോലോത്തുംകടവ് പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുകയും കുടിവെള്ളത്തിനും ജലസേചനത്തിനും സൗകര്യം വർദ്ധിക്കുകയും ചെയ്യും. ചെറുകിട ജലസേചന വകുപ്പാണ് ഭരണാനുമതി നൽകിയത്. സാങ്കേതികാനുമതി ലഭ്യമാക്കി പ്രവൃത്തി ടെൻഡർ ചെയ്യാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ലിന്റോ ജോസഫ് എം.എൽ.എ അറിയിച്ചു.