ഹജ്ജ്; ഏപ്രിൽ 30ന് ആദ്യസംഘം കൊച്ചിയിൽ നിന്ന് പറന്നുയരും
കൊണ്ടോട്ടി: ഹജ്ജ് തീർത്ഥാടനത്തിനായി കേരളത്തിൽ നിന്നുള്ള ഹാജിമാരുടെ ആദ്യ സംഘം ഏപ്രിൽ 30ന് കൊച്ചിയിൽ നിന്ന് സൗദിയിലെ ജിദ്ദയിലേക്ക് പറന്നുയരും. മൂന്ന് വിമാനത്താവളങ്ങളിൽ നിന്നായി 40 സർവീസുകളുണ്ടാവും. നെടുമ്പാശ്ശേരിയിൽ നിന്നാണ് കൂടുതൽ സർവീസുകൾ. ഏപ്രിൽ 30 മുതൽ മേയ് എട്ട് വരെയുള്ള 17 വിമാനങ്ങൾക്ക് പുറമെ, തിരക്ക് പരിഗണിച്ച് മേയ് 17 മുതൽ 19 വരെ മൂന്ന് സ്പെഷൽ സർവീസും കൊച്ചിയിൽ നിന്നുണ്ടാവും. 'ഫ്‌ളൈനാസ്' വിമാനങ്ങളാണ് സർവീസ് നടത്തുക. തീർത്ഥാടകരുടെ മടക്കയാത്ര മദീനയിൽ നിന്ന് ജൂൺ 13മുതൽ 21ഓടെ കൊച്ചിയിൽ അവസാനിക്കും.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് മേയ് 5നാണ് ആദ്യ ഹജ്ജ് വിമാനം. മേയ് 14 വരെ 13 സർവീസുകളാണ് 'ഫ്‌ളൈ അദീൽ' കണ്ണൂരിൽ നിന്ന് നടത്തുക. ജൂൺ 21ന് മദീനയിൽ നിന്ന് ആദ്യസംഘം മടങ്ങും. ജൂലായ് ഒന്നിനാവും കണ്ണൂരിലേക്കുള്ള അവസാന വിമാനം. കരിപ്പൂരിൽ നിന്ന് മേയ് 15നാണ് ഹജ്ജ് സർവീസ് തുടങ്ങുക. മേയ് 18 വരെ നീണ്ടുനിൽക്കുന്ന ഏഴ് സർവീസുകൾ ആകാശ എയർ വിമാനങ്ങൾ നടത്തും.