ആദ്യ ജയം ഓസീസ് വനിതകൾക്ക്
ബ്രിസ്ബേൻ : ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിനെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസീസിന് ആറുവിക്കറ്റ് വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.3 ഓവറിൽ 214 റൺസിന് ആൾഔട്ടായപ്പോൾ ഓസീസ് 38.2 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണർ സ്മൃതി മാന്ഥന (58) അർദ്ധസെഞ്ച്വറി നേടി ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും മറ്റേ അറ്റത്ത് പ്രതിക റാവൽ (0), ഷെഫാലി വെർമ്മ (4), ജമീമ റോഡ്രിഗസ് (8) എന്നിവർ വേഗം കൂടാരം കയറിയതോടെ ഇന്ത്യ 52/3 എന്ന നിലയിലായി. തുടർന്നിറങ്ങിയ ഹർമൻപ്രീത് കൗറും(53) സ്മൃതിയും ചേർന്ന് ടീം സ്കോർ 100ലെത്തിച്ചെങ്കിലും അവിടെവച്ച് സ്മൃതി മടങ്ങി. റിച്ച ഘോഷ് (23), കാശ്വീ ഗൗതം (43) എന്നിവരുടെ പിന്തുണയോടെ ഹർമൻ ഇന്ത്യയെ 193വരെയെത്തിച്ചു. ഹർമൻ മടങ്ങിയതിന് പിന്നാലെ ഇന്ത്യ 214ൽ ആൾഔട്ടായി.
ഓസീസിന് വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തി ആഷ്ലീ ഗാർഡ്നറും രണ്ട് വിക്കറ്റ് വീഴ്ത്തി മേഗൻ ഷൂട്ടും ബൗളിംഗിൽ തിളങ്ങി.മറുപടിക്കിറങ്ങിയ ഓസീസിന് വേണ്ടി ക്യാപ്ടൻ അലിസ ഹീലി (50), ഫോബീ ലിച്ച്ഫീൽഡ് (32),ബേത്ത് മൂണി (76), അന്നബെൽ സതർലാൻഡ് (48*) എന്നിവർ തിളങ്ങിയതോടെ വിജയം അനായാസമാണ്. മൂണിയാണ് പ്ളേയർ ഒഫ് ദ മാച്ച്.
രണ്ടാം ഏകദിനം വെള്ളിയാഴ്ച ഹൊബാർട്ടിൽ നടക്കും.