റയലും മൗറീന്യോയും വീണ്ടും മുഖാമുഖം

Wednesday 25 February 2026 12:01 AM IST

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്ളേ ഓഫിൽ റയൽ ഇന്ന് ബെൻഫിക്കയെ നേരിടുന്നു

മൊണാക്കോയെ മറിക‌ടന്ന് പ്രീ ക്വാർട്ടറിലെത്താൻ പി.എസ്.ജി ഇറങ്ങുന്നു

മാഡ്രിഡ് : ആദ്യ പാദത്തിലെ വിജയങ്ങൾ നൽകിയ ആത്മവിശ്വാസത്തോടെ യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലേക്ക് കടക്കാനായി മുൻ ചാമ്പ്യന്മാരായ റയൽ മാഡ്രിഡും നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജിയും ഇന്ന് രണ്ടാം പാദ പ്ളേഓഫ് മത്സരത്തിനിറങ്ങുന്നു. പോർച്ചുഗീസ് ക്ളബ് ബെൻഫിക്കയാണ് റയലിന് എതിരാളികൾ. പി.എസ്.ജി സ്വന്തം രാജ്യക്കാരായ മൊണാക്കോയെ നേരിടും. എവേ മാച്ചുകളായിരുന്ന ആദ്യ പാദത്തിൽ റയൽ 1-0ത്തിനും പി.എസ്.ജി 3-2നുമാണ് വിജയങ്ങൾ നേടിയിരുന്നത്.

പ്രാഥമിക റൗണ്ടിൽ ആദ്യ എട്ട് സ്ഥാനത്തിനുള്ളിൽ ഇടം പിടിക്കാൻ കഴിയാതെ വന്നതോടെയാണ് റയലിനും പി.എസ്.ജിക്കും പ്ളേ ഓഫിൽ മത്സരിക്കേണ്ടിവന്നത്. എട്ടുമത്സരങ്ങൾ ഉണ്ടായിരുന്ന പ്രാഥമിക റൗണ്ടിൽ അഞ്ചുകളികൾ ജയിക്കുകയും മൂന്ന് തോൽവികൾ വഴങ്ങുകയും ചെയ്ത റയൽ 15 പോയിന്റുകൾ നേടിയെങ്കിലും 16 പോയിന്റുകൾ നേടിയ മാഞ്ചസ്റ്റർ സിറ്റിക്ക് പിന്നിൽ ഒൻപതാമതായാണ് ഫിനിഷ് ചെയ്യാനായത്. പി.എസ്.ജി 14 പോയിന്റുമായി 11-ാം സ്ഥാനത്തായിരുന്നു. 36 ടീമുകൾ മത്സരിച്ച പ്രാഥമിക ഘട്ടത്തിൽ ആദ്യ എട്ട് ടീമുകൾ നേരിട്ട് ക്വാർട്ടറിലെത്തി. 9 മുതൽ 24 വരെ സ്ഥാനത്തുവന്ന 16 ടീമുകൾ ഇരുപാദ പ്ളേ ഓഫിൽ ഏറ്റുമുട്ടി അതിൽ ജയിക്കുന്ന എട്ടുടീമുകൾക്കാണ് ഇനി പ്രീ ക്വാർട്ടറിലേക്ക് പ്രവേശനം.

നേരിട്ട് പ്ളേ ഓഫിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന റയൽ മാഡ്രിഡ് ആദ്യ എട്ടിൽ നിന്ന് പുറത്താകാൻ കാരണം ബെൻഫിക്കയാണ്. ബെൻഫിക്കയുമായി ആയിരുന്നു റയലിന്റെ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരം. ഈ കളിയിൽ ഹൊസെ മൗറീന്യോയു‌ടെ ശിഷ്യർ റയലിനെ 4-2 ന് അട്ടിമറിച്ചു. ഇതിന് കഴിഞ്ഞകളിയിലെ വിജയത്തോടെ റയൽ മറുപടി നൽകിയെങ്കിലും പ്രീ ക്വാർട്ടറിൽ എത്തുകയാണ് പ്രധാനം.

മൗറീന്യോയ്ക്ക് വിലക്ക്

റയലിന്റെ മുൻ പരിശീലകൻ ഹൊസെ മൗറീന്യോയാണ് ബെൻഫിക്കയുടെ ഇപ്പോഴത്തെ കോച്ച്. എന്നാൽ ഇന്നത്തെ മത്സരത്തിൽ മൗറീന്യോയ്ക്ക്ക്ക് ടീമിനൊപ്പം സൈഡ് ബെഞ്ചിൽ ഇരിക്കാനാവില്ല. കഴിഞ്ഞ മത്സരത്തിനിടെ ചുവപ്പുകാർഡ് കണ്ട് പുറത്തായതാണ് മൗറീന്യോയ്ക്ക് വിനയായത്. കഴിഞ്ഞ കളിയിൽ റയ താരം വിനീഷ്യസ് ജൂനിയറിനെ വംശീയമായി ആക്ഷേപിച്ചതിന് ബെൻഫിക്ക താരം ജിയാൻ ലൂക്ക പ്രസ്റ്റ്യാനിക്കും വിലക്കുണ്ട്.

ഇന്നത്തെ മത്സരങ്ങൾ

ഡോർട്ട്മുണ്ട് Vs അറ്റ്‌ലാന്റ

(രാത്രി 11.15 മുതൽ)

റയൽ മാഡ്രിഡ് Vs ബെൻഫിക്ക

മൊണാക്കോ Vs പി.എസ്.ജി

ഗലറ്റസറി Vs യുവന്റസ്

(രാത്രി 1.30 മുതൽ)

സോണി ടെൻ സ്പോർട്സ് ചാനലിൽ ലൈവ്

2013ൽ റയൽ വിട്ട് പോയശേഷം ആദ്യമായാണ് മൗറീന്യോ സാന്റിയാഗോ ബെർണബ്യൂ സ്റ്റേഡിയത്തിൽ എത്തുന്നത്.