ബസിനടിയിൽപ്പെട്ടെങ്കിലും ഓമനയമ്മയ്ക്കിത് രണ്ടാം ജന്മം
കൊല്ലം: സ്റ്റോപ്പിൽ നിന്നെടുത്ത സ്വകാര്യ ബസിനടയിൽപ്പെട്ട എഴുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു. പരവൂർ കൂനയിൽ പ്രീത നിവാസിൽ ഓമനഅമ്മയാണ് നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടത്. നിമിഷ നേരത്തിനുള്ളിൽ താൻ ദൈവങ്ങളെയെല്ലാം വിളിച്ചുവെന്നും തന്റെ ഇപ്പോഴത്തെ ജീവിതം ദൈവത്തിന്റെ കടാക്ഷമാണെന്നുമാണ് ഓമനഅമ്മ പറയുന്നത്.
പാരിപ്പള്ളി പരവൂർ റോഡിൽ അമ്മാരത്ത് മുക്കിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. അമ്മാരത്ത് മുക്കിലുള്ള ബന്ധുവീട്ടിൽ ഓമനഅമ്മ പതിവായി ജോലിക്ക് പോകും. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി അമ്മാരത്ത് മുക്കിലെ ബസ് സ്റ്റോപ്പിലേക്ക് എത്തിയപ്പോൾ പരവൂരിലേക്കുള്ള ബസ് കിടക്കുന്നത് കണ്ടത്. പെട്ടെന്ന് റോഡ് മുറിച്ചുകടന്ന് ബസിന് മുന്നിലെത്തി. ബസ് മുന്നോട്ടെടുത്തതോടെ ഓമനയമ്മ റോഡിൽ വീണ്. ടയറുകൾക്കിടിയിൽ ബസിന്റെ ബോഡിക്ക് സമാന്തരമായാണ് ഓമനയമ്മ വീണത്. അതുകൊണ്ട് ബസ് പൂർണമായും മറികടന്നെങ്കിലും ഒന്നും സംഭവിച്ചില്ല. വീഴ്ചയിൽ തലയ്ക്കും വലത് കാലിനും പരിക്കേറ്റു.
പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഓമനഅമ്മയെ പിന്നീട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയുടെ പിൻഭാഗത്ത് നാല് തുന്നലുണ്ട്. ഇന്നലെ വീട്ടിൽ മടങ്ങിയെത്തി.