15 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ ഓവർസിയർ പിടിയിൽ

Wednesday 25 February 2026 1:46 AM IST

കോലഞ്ചേരി: കെട്ടിടത്തിന് കംപ്ളീഷൻ സർട്ടിഫിക്കറ്റ് നൽകാൻ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങവേ പുത്തൻകുരിശ് പഞ്ചായത്ത് ഓവർസിയർ ദീപേഷിനെ കാക്കനാട് വച്ച് വിജിലൻസ് സംഘം പിടികൂടി. ചാലിക്കരയിൽ നിർമ്മിച്ച ഗോഡൗണിന് സർട്ടിഫിക്കറ്റ് നൽകാനായാണ് പണം വാങ്ങിയത്.

ഗോഡൗൺ നിർമ്മിച്ചപ്പോൾ നിയമാനുസൃതം പൂർത്തിയാക്കേണ്ട ടോയ്‌ലെറ്റുകൾ നിർമ്മിക്കാത്തതിനാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. അതിനാൽ കെട്ടിട നമ്പർ ലഭിക്കാതെ നാളുകളായി ഉടമ ഓഫീസ് കയറി ഇറങ്ങുകയായിരുന്നു. 40 ടോയ്ലെറ്റുകളാണ് പൂർത്തികരിക്കേണ്ടിയിരുന്നത്. ഒന്നു പോലും പൂർത്തിയാക്കാതെ പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകാനായിരുന്നു നീക്കം.

ഒരു മാസം മുമ്പാണ് കണ്ണൂർ സ്വദേശിയായ ദീപേഷ് സ്ഥലം മാറ്റം ലഭിച്ച് പുത്തൻകുരിശിൽ എത്തിയത്. നിരവധി പ്രാവശ്യം ഗോഡൗൺ ഉടമ ഇയാളെ സമീപിച്ചെങ്കിലും സർട്ടിഫിക്കറ്റ് നൽകിയില്ല. ഒടുവിൽ 15 ലക്ഷം രൂപയുടെ ഓഫർ നൽകിയ ശേഷം വിജിലൻസിനെ അറിയിക്കുകയായിരുന്നു. കളക്ടറേറ്റിന് പിൻവശത്ത് സ്വന്തം കാറിൽ വച്ച് പണം വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

രാത്രി വൈകി പ്രതിയുമായി പഞ്ചായത്തിലെത്തി ഗോഡൗണുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിജിലൻസ് പിടിച്ചെടുത്തു.