ഫിറ്റ്നസില്ലാതെ വാഹനങ്ങൾക്ക് പിഴയിട്ടില്ല; 8.82 കോടിയുടെ നഷ്ടമെന്ന് സി.എ.ജി.

Wednesday 25 February 2026 1:56 AM IST

തിരുവനന്തപുരം: ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കാത്ത വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കത്തത് മൂലം സർക്കാറിന് 8.82 കോടി രൂപയുടെ നഷ്ടമെന്ന് സി.എ.ജി. തെരഞ്ഞെടുത്ത അഞ്ച് ജില്ലകളിൽ 'ഇ ചെലാൻ' സോഫ്റ്റ്‌വെയർ വഴി പുറപ്പെടുവിച്ച 6,39,846 ചെലാൻ റിപ്പോർട്ടുകൾ പരിശോധിച്ചതിലാണ് വീഴ്ച കണ്ടെത്തിയത്. പിഴയും അധിക ഫീസും കൃത്യമായി ഈടാക്കുന്നതിൽ മോട്ടോർ വാഹന വകുപ്പ് പരാജയപ്പെട്ടുവെന്നാണ് ഓഡിറ്റ് വിമർശനം. ഇതാണ് ഏകദേശം 8.82 കോടിയുടെ വരുമാന നഷ്ടത്തിന് കാരണമായത്. ഇത്തരത്തിൽ ഈടാക്കുന്ന കോമ്പൗണ്ടിംഗ് ഫീസിന്റെ 50 ശതമാനം റോഡ് സുരക്ഷാ ഫണ്ടിലേക്ക് കൈമാറാണമെന്നാണ് വ്യവസ്ഥ. പിഴ ഈടാക്കുന്നതിലുണ്ടായ വീഴ്ച മൂലം ഈ ഫണ്ടിലേക്കുള്ള തുകയിലും വലിയ കുറവുണ്ടായി.