അമിത വിലകൊടുത്ത് ഇനി ലെറ്റ്യൂസ് വാങ്ങേണ്ട; 30 ദിവസംകൊണ്ട് വീട്ടിൽ വളർത്തിയെടുക്കാം
മികച്ച പോഷകഗുണങ്ങളടങ്ങിയ ഇലവർഗങ്ങളിലൊന്നാണ് ലെറ്റ്യൂസ്. ഉർവച്ചീര, ലേറ്റുസ് തുടങ്ങിയ വിവിധ പേരുകളിലാണ് ലെറ്റ്യൂസ് അറിയപ്പെടുന്നത്. ശരീരഭാരം കുറയ്ക്കുന്നതിനും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ലെറ്റ്യൂസ് കഴിക്കുന്നത് ഗുണം ചെയ്യും. പാകം ചെയ്യാതെ സലാഡുകളിൽ ഉൾപ്പെടുത്തിയും അല്ലാതെയും ലെറ്റ്യൂസ് ദിവസവും കഴിക്കുന്നവരേറെയാണ്. സൂപ്പർമാർക്കറ്റുകളിലാണ് കൂടുതലും ലെറ്റ്യൂസ് വിൽപ്പനയ്ക്ക് എത്തുന്നത്. ലെറ്റ്യൂസിന്റെ ഒരുഭാഗം വാങ്ങുന്നതിനുവരെ 50 രൂപയിലധികം നൽകേണ്ടതുണ്ട്. ഇക്കാരണം കൊണ്ട് ചിലരെങ്കിലും വാങ്ങുന്നത് കുറയ്ക്കാറുണ്ട്. എന്നാൽ അധിക പണചെലവില്ലാതെ വെറും ഒരുമാസം കൊണ്ട് നിങ്ങൾക്ക് ലെറ്റ്യൂസ് വീട്ടിൽ കൃഷി ചെയ്യാം.
കൃഷി ചെയ്യേണ്ട രീതി
വളരെ എളുപ്പത്തിൽ കൃഷി ചെയ്യാൻ സാധിക്കുന്ന ഒരിനമാണ് ലെറ്റ്യൂസ്. സാധാരണ ലെറ്റ്യൂസ് നമ്മുടെ കാലാവസ്ഥയ്ക്കനുസരിച്ച് കൃഷി ചെയ്യാൻ സാധിക്കുന്ന ഒരിനമല്ലെന്നാണ് പലരും പറയുന്നത്. ചില ഇനം ലെറ്റ്യൂസ് വളരാൻ നല്ല തണുപ്പ് വേണ്ടിവരും. എന്നാൽ മറ്റുചില ഇനം ലെറ്റ്യൂസിന് വളരാൻ അധികം തണുപ്പ് ആവശ്യമില്ല. അങ്ങനെയുള്ളവ നമുക്ക് വീട്ടിൽ കൃഷി ചെയ്യാം.
വിത്ത് തിരഞ്ഞെടുക്കുമ്പോൾ ആദ്യം അതാണ് ശ്രദ്ധിക്കേണ്ടത്. വിത്തുകളുപയോഗിച്ച് നമുക്ക് ലെറ്റ്യൂസ് തൈകൾ വളർത്തിയെടുക്കാം. ശേഷം തൈകൾ ഗ്രോ ബാഗുകളിലേക്കോ ചെറിയ ചട്ടികളിലോ മാറ്റാം. ഒരു ചട്ടിയിൽ മൂന്നോ നാലോ തൈകൾ വച്ചുനടാം. ഒരുപാട് തൈകൾ ഒരു ചട്ടിയിൽ വളർത്തരുത്. എങ്കിൽ മുരടിപ്പ് വരാൻ സാദ്ധ്യതയുണ്ട്. അധികം ശ്രദ്ധ കൊടുത്തില്ലെങ്കിലും ലെറ്റ്യൂസ് വളരും. നല്ലരീതിയിൽ സൂര്യപ്രകാശവും വെള്ളവും മാത്രം നൽകിയാൽ മതിയാകും. ഇത്തരത്തിൽ കൃത്യമായ രീതിയിൽ കൃഷി ചെയ്താൽ 30 മുതൽ 40 ദിവസത്തിനുള്ളിൽ വിളവെടുക്കാൻ സാധിക്കും. അതിനുശേഷം വിളവെടുത്താൽ ഇലയിൽ കയ്പുണ്ടാകും. ഓഗസ്റ്റ് മുതൽ ജനുവരി വരെയാണ് കൃഷി ചെയ്യാൻ അനുകൂലമായ സമയം.