'എയിംസ് വേണമെന്ന കേരളത്തിന്റെ ആവശ്യം നിസാരമായി കാണരുത്'; കേന്ദ്ര നിലപാടിൽ അതൃപ്തി അറിയിച്ച് ഹൈക്കോടതി
Wednesday 25 February 2026 1:47 PM IST
കൊച്ചി: കേരളത്തിൽ എയിംസ് വേണമെന്ന ആവശ്യത്തിനോടുള്ള കേന്ദ്രനിലപാടിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.സംസ്ഥാനം നിർദ്ദേശിച്ച സ്ഥലത്ത് സാദ്ധ്യതാ പഠനം നടത്താൻ കേന്ദ്രത്തിന് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ മറുപടി നൽകാൻ നാല് ആഴ്ച വേണമെന്ന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്നു. അത്രയും സമയം നൽകാൻ ആവില്ലെന്നാണ് കോടതിയുടെ നിലപാട്.
എയിംസ് കേരളത്തിൽ സ്ഥാപിക്കാൻ തീരുമാനം എടുത്തിട്ടില്ലേയെന്നും കേന്ദ്രത്തോട് കോടതി ചോദിച്ചു. എന്തുകൊണ്ടാണ് തീരുമാനം നീണ്ടുപോകുന്നതെന്നും കോടതി ആരാഞ്ഞു. രണ്ടാഴ്ച സമയം നൽകിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ഓൺലൈൻ ആയി ഹാജരാവണമെന്നും സാദ്ധ്യതാ പഠനം സംബന്ധിച്ച് മറുപടി നൽകാനുമാണ് ഹൈക്കോടതി നിർദ്ദേശം നൽകിയിരിക്കുന്നത്.