കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി

Wednesday 25 February 2026 3:44 PM IST

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വന്ദേഭാരത് ട്രെയിനിൽ യാത്ര ചെയ്യാനെത്തിയപ്പോൾ ടിക്കറ്റ് കൗണ്ടറിന് അടുത്തുവച്ചാണ് പ്രതിഷേധമുണ്ടായത്. മന്ത്രി യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിക്കെതിരെ പ്രതിഷേധം നടന്നിരുന്നു.

പൊലീസ് സ്ഥലത്തുണ്ടായിരുന്നെങ്കിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ സാധിച്ചില്ല. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധക്കാർ പാഞ്ഞടുക്കുകയായിരുന്നു. പിന്നാലെ പൊലീസിന്റെ വലയം ഭേദിച്ച് മന്ത്രിയെ കയ്യേറ്റം ചെയ്തു. മന്ത്രിക്കൊപ്പം സ്‌പീക്കർ എ എൻ ഷംസീറും ഉണ്ടായിരുന്നു. സമരക്കാരാണ് മന്ത്രിയെ ആക്രമിച്ചതെന്ന് സംഭവത്തിന് ശേഷം സ്പീക്കർ പറഞ്ഞു. പ്രതിഷേധിക്കാം പക്ഷേ കയ്യേറ്റം ചെയ്യാൻ പാടില്ല. മന്ത്രിയെ കയ്യേറ്റം ചെയ്യുന്നത് ജനാധിപത്യത്തിന് ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും അപലപിച്ചു. വീണാ ജോർജിനെ കാണാൻ മുഖ്യമന്ത്രി ആശുപത്രിയിലെത്തി.

പ്രതിപക്ഷ നേതാവിന്റെ നിർദേശം അനുസരിച്ചാണ് ആക്രമണം നടന്നതെന്ന് മന്ത്രി ശിവൻകുട്ടി ആരോപിച്ചു. പകരത്തിന് പകരം ആലോചിക്കുന്നില്ല. ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ശിവൻകുട്ടി വ്യക്തമാക്കി. ആക്രമണത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധപ്രകടനം ഇന്ന് തന്നെ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ എത്തി.

അതേസമയം, ആക്രമണം നിഷേധിച്ച് കോൺഗ്രസ് നേതാക്കളും രംഗത്തിയിട്ടുണ്ട്. മന്ത്രിയുടെ ദേഹത്ത് പ്രതിഷേധക്കാർ തൊട്ടിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചു. രാഷ്ട്രീയനേട്ടം കൊയ്യാനുള്ള നാടകമാണ് ഇതെന്നാണ് കെഎസ്‌യുവിന്റെ പ്രതികരണം. സമാധാനപരമായാണ് പ്രതിഷേധിച്ചതെന്നും കെഎസ്‌യു വെെസ് പ്രസിഡന്റ് ഷമ്മാസ് മാദ്ധ്യമങ്ങളോട് പറഞ്ഞു.