നായരമ്പലത്തെ ദേവാസ്തവിളിക്ക് നാലു പതിറ്റാണ്ട്

Thursday 26 February 2026 2:58 AM IST

വൈപ്പിൻ: നായരമ്പലം ഗ്രാമത്തിന്റെ രാവുകളെ തുടർച്ചയായ 44-ാം വർഷവും ഭക്തിസാന്ദ്രമാക്കുകയാണ് ദേവാസ്തവിളി സംഘങ്ങൾ. രാത്രി 10 മുതൽ പുലർച്ചെ 3 വരെ ഏവരെയും ആത്മനവീകരണത്തിലേക്കും പശ്ചാത്താപത്തിലേക്കും നയിക്കുന്ന ദേവാസ്തവിളിയുടെ ഈരടികൾ ഉയർന്നു കേൾക്കാം. വലിയ നോമ്പ് ദിനങ്ങളിലെ വെള്ളി, ചൊവ്വ ദിവസങ്ങളാണ് പ്രധാനമായും ദേവാസ്തവിളി ആചരിക്കുന്നത്. പെസഹാ ദിനത്തിലും ദു:ഖവെള്ളിയിലും ദേവാലയങ്ങളിൽ സംഘം ദേവാസ്തവിളി നടത്തും.

നായരമ്പലത്ത് 4 പതിറ്റാണ്ടായിത്തുടരുന്ന സംഘത്തിൽ ഇപ്പോൾ വാടേൽ സെന്റ് ജോർജ്, സാൻജോപുരം, സെന്റ് ജോസഫ് ദേവാലയ അംഗങ്ങളായ സുപ്രി കാട്ടുപറമ്പിൽ, അനൂപ് വാളൂരാൻ, വിബിൻ സാബു, നെഫിൻ മേനാച്ചേരി, ജെറാൾഡ് ജെസ്റ്റിൻ, ആൽവിൻ ആന്റണി, ആദിൽ ആൽബി, റെമിൽ പോളി, എനോഷ് വാളൂരാൻ, ജോമോൻ ഷാജു, മാനുവൽ അഗസ്റ്റിൻ എന്നിവരാണുള്ളത്.

പുതുവൈപ്പ്, വളപ്പ്, പള്ളിപ്പുറം, ചാത്തനാട്, മലയാറ്റൂർ എന്നിവിടങ്ങളിലും ജില്ലയുടെ കിഴക്കൻ മേഖലകളിലും സംഘം ദേവാസ്തവിളിക്ക് പോകാറുണ്ട്. യാതൊരു പ്രതിഫലവും വാങ്ങാതെയാണീ അനുഷ്ഠാനം ആചരിച്ചുപോരുന്നത്.

ആത്മനവീകരണം ലക്ഷ്യം

1550 മുതൽ തീരദേശമേഖലകളിൽ സജീവമായിരുന്ന അനുഷ്ഠാനകർമ്മമാണ് ദേവാസ്തവിളി. ഈശോ സഭാംഗമായിരുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറും ശിഷ്യന്മാരുമാണ് ദേവാസ്തവിളിയുടെ പ്രചാരകരെന്നതാണ് ചരിത്രം. മനസിൽ തറഞ്ഞുകയറി പാപമരണ ചിന്തകൾ നൽകി മനുഷ്യനെ നവീകരിക്കാൻ ശേഷിയുള്ള പ്രാർത്ഥനകളാണ് പാട്ടുകളുടെ രൂപത്തിലുള്ള ദേവാസ്തവിളി. മനുഷ്യന്റെ മരണം, അന്ത്യവിധി, സ്വർഗ്ഗീയ ജീവിതം, നരകം എന്നിവയെക്കുറിച്ചുള്ള പരാർശങ്ങളാണ് പ്രധാനമായും ഇതിലുള്ളത്. ഒഴിപ്പിക്കുക, ഒഴിവാക്കുക എന്നതാണ് ദേവാസ്തയെന്നതിന്റെ അർത്ഥം.

സ്വന്തം കർമ്മഫലങ്ങളെക്കുറിച്ച് ഓരോരുത്തരെയും ബോദ്ധ്യപ്പെടുത്തുന്നതിനും ശുദ്ധീകരണ സ്ഥലത്തെ ആത്മാക്കളെ സഹായിക്കുന്നതിനും ഉൾപ്പെടെയുള്ള ദൈവിക രഹസ്യങ്ങൾ നിറഞ്ഞ പ്രാർത്ഥനയാണ് ദേവാസ്ത വിളി.

-സുപ്രി കാട്ടുപറമ്പിൽ

ദേവാസ്തവിളി സംഘാംഗം