'കെ.പി.പി.എല്ലിന്റെ വികസനത്തിന് ആധുനിക സാദ്ധ്യതകൾ പ്രയോജനപ്പെടുത്തും'
കോട്ടയം : ആധുനിക കാലത്തെ സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെ.പി.പി.എൽ) വൈവിദ്ധ്യവത്കരണത്തിലേക്കും പ്രവർത്തന വിപുലീകരണത്തിലേക്കും കടക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വെള്ളൂർ കെ.പി.പി.എല്ലിന്റെ ഉത്പാദനശേഷി വർദ്ധിപ്പിക്കൽ, ഉത്പന്നങ്ങളുടെ വൈവിദ്ധ്യവത്ക്കരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി വി.എൻ വാസവൻ അദ്ധ്യക്ഷനായി. ഫ്രാൻസിസ് ജോർജ് എം.പി, എം.എൽ.എമാരായ സി.കെ. ആശ, മോൻസ് ജോസഫ്, കെ.പി.പി.എൽ ചെയർമാനും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ് , കെ.പി.പി.എൽ. മാനേജിംഗ് ഡയറക്ടർ പ്രസാദ് ബാലകൃഷ്ണൻ നായർ, ബി.പി.ടി എക്സിക്യുട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ രഘുനാഥ് എന്നിവർ പങ്കെടുത്തു.