ജെ.ഇ.ഇ മെയിൻ രണ്ടാംപേപ്പർ: സൂര്യതേജസിനും ഗൗരിശങ്കറിനും ഒന്നാം റാങ്ക്
ന്യൂഡൽഹി: ജനുവരി 29ന് നടന്ന ജെ.ഇ.ഇ മെയിൻ ആദ്യ സെഷനിലെ രണ്ടാം പേപ്പറിൽ മലയാളികൾക്ക് നേട്ടം. ദേശീയ ടെസ്റ്റിംഗ് ഏജൻസി നടത്തിയ ബി ആർക്ക് പ്രവേശനത്തിനുള്ള പരീക്ഷയിൽ പാലക്കാട് ആലത്തൂർ സൂര്യതേജസും ബി പ്ളാനിംഗ് പ്രവേശന പരീക്ഷയിൽ ആലപ്പുഴ ഹരിപ്പാട് സ്വദേശി ഗൗരി ശങ്കറും 100ശതമാനം മാർക്കോടെ ഒന്നാംറാങ്ക് നേടി. ബിആർക്ക്പരീക്ഷ എഴുതിയ 45,452 പേരിലും ബി പ്ളാനിംഗ് പരീക്ഷ എഴുതിയ 21,067 പേരിലും ഇവർക്ക് മാത്രമാണ് 100ശതമാനം.റിട്ട.അദ്ധ്യാപകൻ സുനിലിന്റെയും പാലക്കാട് ജില്ലാ ആശുപത്രി ജീവനക്കാരി ഭുവനേശ്വരിയുടെയും മകനാണ് സൂര്യതേജസ്.ഗൗരി ശങ്കർ എൻജിനീയറായ ജി.വിനോദ് കുമാറിന്റെയും അദ്ധ്യാപിക രശ്‌മി രവീന്ദ്രന്റെയും മകനാണ്. ബി പ്ളാനിംഗിൽ 99.93 ശതമാനം മാർക്കോടെ തൃശൂർ ആളൂർ സ്വദേശിയായ എയ്ഞ്ചൽ എം.ഫെബിൻ പെൺകുട്ടികളിൽ ഒന്നാമതായി.ഏപ്രിലിൽ നടക്കുന്ന രണ്ടാം സെഷൻ ജെ.ഇ.ഇ മെയിൻ പരീക്ഷയിൽ വിദ്യാർത്ഥികൾക്ക് ഫലം മെച്ചപ്പെടുത്താം. ഐ.ഐ.ടി പ്രവേശനത്തിനായുള്ള ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയുണ്ടാകും. ജെ.ഇ.ഇ മെയിൻ റാങ്കിന്റെ അടിസ്ഥാനത്തിലാണ് എൻ.ഐ.ഐ.ടി പ്രവേശനം.