ചട്ടഭേദഗതിക്ക് അംഗീകാരം: കേരള യൂണിവേഴ്സിറ്റിയിൽ ഒരേസമയം രണ്ട് ബിരുദം

Thursday 26 February 2026 1:04 AM IST

തിരുവനന്തപുരം: ഒരേസമയം രണ്ട് വ്യത്യസ്ത ബിരുദ കോഴ്സുകൾ പഠിക്കാൻ കേരള സർവകലാശാലയുടെ അനുമതി . ഇതിനായുള്ള ചട്ടം അക്കാഡമിക് കൗൺസിൽ യോഗം അംഗീകരിച്ചു. റെഗുലർ കോഴ്സിനൊപ്പം ഒരു വിദൂരവിദ്യാഭ്യാസ / ഓൺലൈൻ കോഴ്സിലോ പഠിച്ച് ഒരേസമയം രണ്ട് ബിരുദങ്ങൾ നേടാം.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി റെഗുലർ പഠനത്തോടൊപ്പം സമാന്തര കോഴ്സുകൾ പഠിക്കാൻ യു.ജി.സിഅനുമതി നൽകിയിരുന്നു. അതു പ്രകാരമാണ് ഇവിടെയും നടപ്പാക്കിയത്.

വിദേശ സർവകലാശാലകളിൽ വർഷങ്ങളായി ഈ സംവിധാനമുണ്ട്. ഇരട്ടബിരുദത്തിന് അവസരമൊരുങ്ങുന്നതോടെ വിദ്യാർത്ഥികളുടെ തൊഴിൽസാദ്ധ്യതയും ഇരട്ടിയാവും.

പ്രൊഫസർ ഒഫ് പ്രാക്ടീസ്

പ്രമുഖ സാഹിത്യകാരന്മാർ, ശാസ്ത്രജ്ഞർ, എൻജിനിയർമാർ, മാനേജ്മെന്റ് വിദഗ്ധർ തുടങ്ങിയവരെ പ്രൊഫസർ ഒഫ് പ്രാക്ടീസ് ആയി സർവകലാശാല പഠന വകുപ്പുകളിൽ നിയമിക്കാനും അക്കാഡമിക് കൗൺസിൽ തീരുമാനിച്ചു. വ്യവസായമടക്കമുള്ള മേഖലകളിലെ പ്രായോഗിക അറിവ് ക്ലാസ് മുറികളിലെത്തിക്കുന്നതിനായി യു.ജി.സി നടപ്പിലാക്കിയതാണ് പ്രൊഫസർ ഒഫ് പ്രാക്ടീസ് പദ്ധതി. എൻജിനിയറിംഗ്, സയൻസ്, ടെക്നോളജി, സംരംഭകത്വം തുടങ്ങിയ മേഖലകളിൽ കുറഞ്ഞത് 15 വർഷത്തെ പ്രവൃത്തിപരിചയമുള്ള വിദഗ്ധർക്കാണ് പ്രൊഫസർ ഒഫ് പ്രാക്ടീസ് ആകാൻ യോഗ്യത. ഇതൊരു താല്കാലിക തസ്തികയാണ്. പരമാവധി നാല് വർഷം വരെയാണ് സേവന കാലാവധി. നിലവിലെ സ്ഥിരം അദ്ധ്യാപക തസ്തികകളെ ബാധിക്കാത്ത രീതിയിലാവും നിയമനം.

ആറു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവകലാശാലയിൽ അക്കാദമിക് കൗൺസിൽ യോഗം ചേർന്നത്. വൈസ്ചാൻസലർ ഡോ.മോഹനൻ കുന്നുമ്മേൽ അദ്ധ്യക്ഷനായി. കഴിഞ്ഞ കൗൺസിൽ യോഗം വി.സിയുമായുള്ള സംഘർഷത്തെതുടർന്ന് ചേരാനായില്ല.