മൊബൈൽ പാസ്പോർട്ട് സേവാ വാൻ

Thursday 26 February 2026 1:11 AM IST

കരുനാഗപ്പള്ളി: തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെ മൊബൈൽ പാസ്പോർട്ട് സേവാ വാൻ അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിൽ ക്യാമ്പ് നടത്തി. കേന്ദ്ര വിദേശകാര്യവകുപ്പിന്റെ നൂതന സംരംഭമായ മൊബൈൽ പാസ്പോർട്ട് സേവാ പ്രോഗ്രാമിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്. പാസ്പോർട്ടിനായി സേവാ കേന്ദ്രത്തിൽ പോയി കാത്തുനിൽക്കേണ്ട ആവശ്യമില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. കോളേജിൽ വരുന്ന വിദ്യാർഥികൾക്ക് എല്ലാ രേഖകളും സമർപ്പിച്ചാൽ പാസ്പ്പോർട്ട് വീട്ടിലെത്തും. ക്യാമ്പസിലെ മുഴുവൻ വിദ്യാർത്ഥികളെയും പാസ്പോർട്ട് ഉടമകളാക്കുക എന്നതാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്. തിരുവനന്തപുരം റീജിയണൽ പാസ്പോർട്ട് ഓഫീസിന്റെയും അമൃത വിശ്വവിദ്യാപീഠത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മൂന്നാഴ്ചയോളം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ ഇതിനോടകം നിരവധി പേർ അപേക്ഷ സമർപ്പിച്ചു. പാസ്പോർട്ട് സേവാ കേന്ദ്രത്തിലെ എല്ലാ സജ്ജീകരണങ്ങളും സേവാ വാനിൽ ലഭ്യമാണ്.