കല്യാട് ഐ.ആർ.ഐ.എ നാടിന് സമർപ്പിച്ചു രാജ്യത്തെ ആദ്യ സമഗ്ര ആയുർവേദ ഗവേഷണകേന്ദ്രം: മുഖ്യമന്ത്രി
ഇരിട്ടി (കണ്ണൂർ): രാജ്യത്തെ ആദ്യത്തെ സമഗ്ര ആയുർവേദ ഗവേഷണ കേന്ദ്രമായി കല്യാട് ഇന്റർനാഷനൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ആയുർവേദ മാറിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കല്യാട് ഐ.ആർ.ഐ.എ നാടിന് സമർപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രതീക്ഷയ്ക്കനുസരിച്ച് ആയുർവേദ ഗവേഷണ കേന്ദ്രത്തെ ഉയർത്താൻ നാടിന്റെയും നാട്ടുകാരുടെയും സഹകരണവും പിന്തുണയും വേണം.രാജ്യത്തെ ആദ്യം എന്ന നിലയിലുള്ള ഒട്ടേറെ സ്ഥാനങ്ങൾ നമ്മുടെ കേരളത്തിന് നേടാനായിട്ടുണ്ട്. നമ്മുടെ കേരളത്തിലാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി,ഡിജിറ്റൽ സയൻസ് പാർക്ക്,ട്രാൻസ്ഷിപ്പ്മെന്റ് പോർട്ട്,വാട്ടർ മെട്രോ,ന്യൂട്രാസ്യൂട്ടിക്കൽ സെന്റർ ഓഫ് എക്സലൻസ്,മൈക്രോ ബയോം മികവിന്റെ കേന്ദ്രം,ജിനോം ഡാറ്റാ സെന്റർ എന്നിവയെല്ലാം രാജ്യത്താദ്യമായി സ്ഥാപിക്കപ്പെടുന്നത് കേരളത്തിലാണെന്നും പറഞ്ഞു.സ്പേസ് പാർക്ക് കെ-സ്പേസിന്റെ ഭാഗമായി നമ്മുടെ ശാസ്ത്രയുഗത്തിന് ചേർന്ന തരത്തിൽ വികസിപ്പിച്ച് വരികയാണ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി കേരളത്തിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് മാറാൻ പോവുകയാണ്. രാജ്യത്തെ രണ്ടാമത്തെ ഫയർഫോഴ്സ് അക്കാഡമിയാണ് സ്ഥാപിക്കുന്നത്. ഇന്റർനെറ്റ് ഒരവകാശമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി കെ ഫോൺ വന്നു. കേരളം എങ്ങനെ മാറുന്നു എന്നാണ് ഇതിലൂടെയെല്ലാം കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.