നെല്ല് വിളഞ്ഞത് നൂറുമേനി വള്ളിക്കോട്ട് കൊയ്ത്തുകാലം

Wednesday 25 February 2026 11:32 PM IST

വള്ളിക്കോട് : കാലം തെറ്റിയ മഴയും കൊടുംവേനലും വള്ളിക്കോട്ടെ നെൽ കർഷകരെ ചതിച്ചില്ല. മികച്ച വിളവാണ് ഇത്തവണ ലഭിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങളെ തുടർന്ന് കൊയ്ത്ത് അല്പം വൈകിയെങ്കിലും വിളവ് നൂറുമേനിയാണ്.

ജില്ലയുടെ പ്രധാന നെല്ലറകളിൽ ഒന്നാണ് വള്ളിക്കോട് പാടശേഖരം. അപ്പർകുട്ടനാട് കഴിഞ്ഞാൽ ജില്ലയിൽ ഏ​റ്റവും കൂടുതൽ നെല്ല് ഉൽപാദിപ്പിക്കുന്ന പാടശേഖരമാണിത്. പ്രതികൂല കാലാവസ്ഥയെ അതിജീവിച്ചാണ് ഇത്തവണ കൃഷിയിറക്കിയത്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം നെൽച്ചെടികൾ കതിരണിയാൻ വൈകി. കഠിനാദ്ധ്വാനത്തിലൂടെയാണ് പ്രതിസന്ധികളെ അതിജീവിച്ചത്. തുടക്കത്തിൽ കനത്ത മഴയിൽ പാടത്ത് വെള്ളം കെട്ടിക്കിടന്നു. ചാലുകൾ കീറി വെള്ളക്കെട്ട് ഒഴിവാക്കിയപ്പോൾ പിന്നീടെത്തിയ വേനലിൽ വെള്ളം ലഭിക്കാതായി. കൈവഴികളിലൂടെ ഏറെ ശ്രമപ്പെട്ടാണ് വെള്ളം എത്തിച്ചത്. പക്ഷികളുടെയും കാട്ടുപന്നികളുടെയും ശല്യം ഒഴിവാക്കാൻ കർഷകർ പകലും രാത്രിയും കാവലിരുന്നു. കൊയ്ത്തുത്സവം നരിക്കുഴി പാടശേഖരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ബീന സോമൻ ഉദ്ഘാടനം ചെയ്തു . വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജേയെസി കോശി അയ്യനേത്ത്, പഞ്ചായത്ത് അംഗങ്ങളായ ആർ. മോഹനൻ നായർ, ബിജി പീറ്റർ, എ.കെ.ജയശ്രീ , മിനി .സി .അജയൻ, ലേഖ ജയകുമാർ, ബിന്ദു കെ. ശ്യാം, നരിക്കുഴി പാടശേഖരസമിതി പ്രസിഡന്റ് രവീന്ദ്രനാഥ് , സെക്രട്ടറി ഡി. കോമളൻ. ഡി, കൃഷി ഓഫീസർ , അനില ടി. ശശി, അസിസ്റ്റന്റ് കൃഷി ഓഫീസർ ബിജു സോമൻ തുടങ്ങിയവർ പങ്കെടുത്തു.

കാലാവസ്ഥ ചതിച്ചില്ല

കാലാവസ്ഥാ വ്യതിയാനം മൂലമാണ് മകര മാസത്തിൽ നടക്കേണ്ടിയിരുന്ന വിളവെടുപ്പ് ഇത്തവണ കുംഭത്തിലേക്ക് നീണ്ടത്. തുടക്കത്തിൽ കനത്ത മഴയും പിന്നീട് വേനലും കൃഷിക്ക് പ്രതിസന്ധിയായിരുന്നു. പക്ഷേ നൂറുമേനി വിളവാണ് ലഭിച്ചത്. അത്യുൽപാദന ശേഷിയുള്ള ഉമ വിത്താണ് വിതച്ചത്. 16 വാർഡുകളുള്ള ഗ്രാമപഞ്ചായത്തിൽ അഞ്ഞൂറ് ഹെക്ടറോളം വരുന്ന 9 വലിയ പാടശേഖരങ്ങളുണ്ട്. സപ്‌ളൈകോയുടെ പ്രധാന നെല്ല് സംഭരണ കേന്ദ്രം കൂടിയാണിവിടം.

പ്രധാന പാടശേഖരങ്ങൾ

വേട്ടക്കുളം, കാരുവേലിൽ, നടുവത്തോടി, നരിക്കുഴി, തലച്ചേമ്പ്, കൊല്ലാ , അട്ടത്തോടെ, തട്ട

-------------------

140 ഹെക്ടറിൽ കൃഷി

കർഷകർ : 210,

കഴിഞ്ഞ മകര കൃഷിക്ക് ലഭിച്ച വിളവ് : 420 ടൺ നെല്ല്.

മഴയും വെയിലും സൃഷ്ടിച്ച പ്രതിസന്ധികളെ അതിജീവിച്ചാണ് മികച്ച വിളവൊരുക്കിയത്

ക‌ർഷകർ