കേരളം സ്റ്റേറ്റ് കാറും കേരളം എക്സ്പ്രസും!, ട്രെയിനിന്റെ പേരുമാറ്റം ആവശ്യപ്പെടും

Thursday 26 February 2026 12:38 PM IST

തിരുവനന്തപുരം: ഗവൺമെന്റ് ഒഫ് കേരളം, സ്റ്റേറ്റ് ഒഫ് കേരളം, മന്ത്രി വാഹനങ്ങൾക്കുൾപ്പെടെ കേരളം സ്റ്റേറ്റ്... കേരള ഔദ്യോഗികമായി കേരളം ആകുമ്പോൾ വരുന്ന മാറ്റങ്ങളേ.

തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ 'കേരളം' എന്ന പേര് ഔദ്യോഗികമായി നിലവിൽ വന്നേക്കും. കേരളയെ 'കേരളം' എന്നാക്കി മാറ്റാനുള്ള നടപടി പൊതുഭരണവകുപ്പ് ആരംഭിച്ചു.

ഡൽഹിയിലെ കേരള ഹൗസിന്റെ പേര് 'കേരളം ഹൗസ്' എന്നാക്കുമോ എന്ന് വ്യക്തമായിട്ടില്ല.

കേരള സംസ്ഥാനം എന്നു പറയുന്നിടത്തെല്ലാം കേരളം എന്ന് ചേർക്കേണ്ടി വരും. അതേസമയം, ചില സന്ദർഭങ്ങളിൽ കേരളം എന്നു ചേർക്കുമ്പോൾ 'അഭംഗി' ഉണ്ടാകുന്നുണ്ടെങ്കിൽ ഉചിതമായ വാക്കുകൾ കണ്ടെത്താൻ പൊതുഭരണവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതിന് ആവശ്യമെങ്കിൽ വിദഗ്ദ്ധ സമിതി രൂപീകരിക്കും. തീരുമാനം അടുത്ത മന്ത്രിസഭായോഗത്തിൽ ഉണ്ടാകും.

'കേരളം എന്നു കേട്ടാലോ തിളയ്ക്കണം ചോര നമുക്ക് ഞരമ്പുകളിൽ' എന്നാണ് മഹാകവി വള്ളത്തോൾ പാടിയത്. ചേരളം ആണ് കേരളം ആയതെന്നാണ് ചരിത്രകാരന്മാരുടെ നിഗമനം.

ഹൈക്കോടതി പേരിൽ

മാറ്റമുണ്ടാകില്ല കേരള എക്സ്‌പ്രസ് ട്രെയിനിന്റെ പേര് കേരളം എക്സ്പ്രസ് എന്ന് പുനർനാമകരണം ചെയ്യണമെന്ന് സംസ്ഥാനം റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെടും. അതേസമയം കേരള ഹൈക്കോടതി എന്നത് അങ്ങനെ തുടരാനാണ് സാദ്ധ്യത. മറ്റ് സംസ്ഥാനങ്ങളിൽ സ്ഥലനാമങ്ങൾക്കനുസരിച്ച് കോടതിയടെ പേര് മാറിയിട്ടില്ല. മദ്രാസ് ചെന്നൈ ആയപ്പോഴും ബോംബെ മുംബയ് ആയപ്പോഴും കോടതിയുടെ പേര് മാറ്റിയില്ല. അതുപോലെ,​ കേരള യൂണിവേഴ്സിറ്റിയിലും കേരളം ചേ‌ർക്കാൻ സാദ്ധ്യതയില്ല.

കേരളം ആകാൻ

കേന്ദ്ര മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയ 'കേരളം' എന്ന് പേര് മാറ്റാനുള്ള ബിൽ രാഷ്ട്രപതിയുടെ അനുമതിയോടെ അടുത്തമാസം പാർലമെന്റിൽ അവതരിപ്പിച്ച് പാസാക്കും. ബില്ലിന് രാഷ്ട്രപതി അന്തിമ അംഗീകാരം നൽകുന്നതോടെ സംസ്ഥാന നാമം 'കേരളം' എന്നാകും.