എപ്പോഴും വീഴാം ജില്ലാ രജിസ്ട്രാർ ഓഫീസ്
കോഴിക്കോട്: ഇപ്പോൾ തകർന്നുവീഴുമെന്ന നിലയിലാണ് മാനാഞ്ചിറയിലെ ജില്ല രജിസ്ട്രാർ ഓഫീസ്. ഓടിട്ട പഴയ കെട്ടിടത്തിനു മുകളിൽ ചോർച്ച പരിഹരിക്കാൻ താർപായ വിരിച്ചിരിക്കുകയാണ്. പഴകിയ വാതിലുകളും ജനലുകളുമാണുള്ളത്. ഇഴജന്തുക്കൾ കയറിയിറങ്ങാൻ സാദ്ധ്യതയുള്ള ഓഫീസിൽ ഫയലുകൾ സൂക്ഷിക്കാനുള്ള സൗകര്യവുമില്ല. ചിതൽ പിടിക്കാവുന്ന നിലയിലാണ് ഫയലുകൾ വച്ചിരിക്കുന്നത്.
രജിസ്ട്രാർ ജനറൽ, ഓഡിറ്റ് വിഭാഗങ്ങളും, ഉത്തരമേഖല ഡി.ഐ.ജി ഓഫീസും സബ് രജിസ്ട്രാർ ഓഫീസും ചിട്ടി രജിസ്ട്രേഷൻ വിഭാഗവുമെല്ലാം ഇവിടെ പ്രവർത്തിക്കുന്നു. രണ്ടു പേർക്ക് ഇരിക്കാവുന്ന ഒരു ചായ്പാണ് ഉത്തരമേഖല ഡി.ഐ.ജി ഓഫീസ്. നഗരഹൃദയത്തിലുള്ള രജിസ്ട്രേഷൻ ഓഫീസ് കോപ്ളക്സിന് പുതിയ കെട്ടിടം പണിതിട്ടുണ്ടെങ്കിലും അങ്ങോട്ട് മാറാനായിട്ടില്ല. 2023 മേയ് മന്ത്രി വി.എൻ വാസവനാണ് ബഹുനില കെട്ടിടം ഉദ്ഘാടനം ചെയ്തത്. വെെദ്യുതി കണക്ഷനും കിട്ടിയിട്ടില്ല.