സി മെറ്റിന് കീഴിൽ 8നഴ്സിംഗ് കോളേജുകൾ:വീണാ ജോർജ്

Thursday 26 February 2026 1:15 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ എഡ്യൂക്കേഷൻ & ടെക്‌നോളജിക്ക് (സിമെറ്റ്) കഴിഞ്ഞ 5വർഷത്തിൽ അഭൂതപൂർവമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞതായി മന്ത്രി വീണാ ജോർജ്. ഈ കാലയളവിൽ 8 നഴ്സിംഗ് കോളേജുകൾ ആരംഭിച്ചു. 2400 വിദ്യാർത്ഥികൾ സിമെറ്റിന്റെ കീഴിലുള്ള നഴ്സിംഗ് കോളേജുകളിൽ പഠിക്കുന്നുണ്ട്. ഈ സർക്കാരിന്റെ കാലത്ത് 21നഴ്സിംഗ് കോളേജുകളാണ് സർക്കാർ മേഖലയിൽ ആരംഭിച്ചതെന്നും മന്ത്രി പറഞ്ഞു. സിമെറ്റ് ആസ്ഥാന മന്ദിരത്തിന്റെയും മുട്ടത്തറ സിമെറ്റ് കോളേജ് ഒഫ് നഴ്സിംഗ് കെട്ടിടത്തിന്റേയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു. സിമെറ്റിലെ എല്ലാ അഡ്മിഷനും എൽ.ബി.എസ് മുഖേന മെരിറ്റ് അടിസ്ഥാനത്തിലാണ്. കഴിഞ്ഞ 5വർഷത്തിനുള്ളിൽ സിമെറ്റിൽ 150അദ്ധ്യാപക തസ്തികകളും 73അനദ്ധ്യാപക തസ്തികകളും സൃഷ്ടിച്ചു.

വി.കെ.പ്രശാന്ത് എം.എൽ.എ അദ്ധ്യക്ഷനായി. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ.വിശ്വനാഥൻ കെ.വി, കേരള ആരോഗ്യ സർവകലാശാല രജിസ്ട്രാർ ഡോ.എസ്.ഗോപകുമാർ, സിമെറ്റ് ഡയറക്ടർ ഡോ.ആശ എസ്.കുമാർ, കേരള നഴ്സസ് & മിഡ് വൈവ്സ് കൗൺസിൽ പ്രസിഡന്റ് അനീസ എസ്.എ,മുട്ടത്തറ സിമെറ്റ് കോളേജ് ഒഫ് നഴ്സിംഗ് പ്രിൻസിപ്പൽ ഡോ.മിനി.ജി എന്നിവർ സംസാരിച്ചു.