മന്നം സ്മരണയിൽ സമാധി ദിനാചരണം

Thursday 26 February 2026 12:51 AM IST

ചങ്ങനാശേരി : പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് മന്നം സമാധി ദിനം വിപുലമായി ആചരിച്ചു. രാവിലെ 6.30 മുതൽ മന്നം സമാധിയിൽ പുഷ്പാർച്ചനയും, നാമജപവും നടന്നു. തിരുവല്ല, കുട്ടനാട്, മല്ലപ്പള്ളി താലൂക്ക് യൂണിയനുകളിൽ നിന്ന് പിടിയരിയും കെട്ടുതേങ്ങയുമായാണ് സമുദായാംഗങ്ങൾ സമാധിയിലെത്തി പുഷ്പാർച്ചന നടത്തിയത്. മന്നം സമാധിയിൽ നാമജപത്തിന് ശേഷം ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ കർപ്പൂരാരതി നടത്തി. തുടർന്ന് പ്രസിഡന്റ് ഡോ.എം.ശശികുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ഹരികുമാർ കോയിക്കൽ, ട്രഷറർ അഡ്വ.എൻ.വി.അയ്യപ്പൻ പിള്ള, നായകസഭാംഗം കെ.പി.നാരായണപിള്ള തുടങ്ങിയവർ പങ്കെടുത്തു. എം.പി.മാരായ കെ.ഫ്രാൻസിസ്‌ ജോർജ്, കൊടിക്കുന്നിൽ സുരേഷ്, എം.എൽ.എമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, അഡ്വ.ജോബ് മൈക്കിൾ, ഡോ.എൻ.ജയരാജ്, അഡ്വ.മോൻസ് ജോസഫ്, മുൻ എം.എൽ.എ മാരായ പി.സി.ജോർജ്, ജോസഫ്.എം.പുതുശ്ശേരി തുടങ്ങിയവർ പുഷ്പാർച്ചന നടത്തി.

സ്വന്തം കാര്യനേട്ടം:

സുകുമാരൻ നായർ

എൻ.എസ്.എസിൻ്റെ പ്രവർത്തനമോ നിലപാടുകളോ അറിയാതെ വിമർശനമുയർത്തുന്നത് സ്വന്തം കാര്യനേട്ടത്തിന് വേണ്ടിയാണെന്ന് ജനറൽ സെക്രട്ടറി ജി.സുകുമാൻ നായർ പറഞ്ഞു. ഇത്തരക്കാരുടെ പ്രവർത്തനങ്ങൾ സമുദായാംഗങ്ങൾ മനസിലാക്കണം. ജാഗ്രതയുണ്ടാവണം. എൻ.എസ്.എസിൻ്റെ പ്രവർത്തനങ്ങൾ ഒരു സമുദായത്തിൻ്റെ പുരോഗതിക്ക് വേണ്ടിയല്ല ഇതരസമുദായങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതിക്ക് വേണ്ടിയാണ്. നായർ സമുദായം നേതൃത്വത്തിനൊപ്പമാണെന്നതിന്റെ തെളിവാണ് പ്രതിനിധിസഭയിലെ 118 ഒഴിവുകളിൽ 110 ലേയ്ക്കും എതിരില്ലാതെയുള്ള വിജയം. ബാക്കി എട്ടു പേരും നേതൃത്വത്തിനൊപ്പം നിൽക്കുന്നവരാണ്. ഇവർ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.