അമ്മയുടെ മൃതദേഹം മകൻ വീട്ടിനകത്ത് കുഴിച്ചുമൂടി

Thursday 26 February 2026 1:23 AM IST

മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പൊലീസ്

തുറവൂർ: അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടിനകത്ത് കുഴിച്ചുമൂടിയ മകനെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും മരണത്തിൽ അസ്വാഭാവികത കണ്ടെത്താത്തതിനാൽ വിട്ടയച്ചു. തുറവൂർ പഞ്ചായത്ത് പതിനെട്ടാം വാർഡിൽ പള്ളിത്തോട് കാട് നികത്തിൽ ഗിരീഷിനെയാണ് (49) വിട്ടയച്ചത്. ചൊവ്വാഴ്ച രാവിലെയാണ് ഗിരീഷിന്റെ മാതാവ് രാധ (75) മരിച്ചത്. മരണവിവരം ബന്ധുക്കളെയോ നാട്ടുകാരെയോ അറിയിക്കാതെ വീടിനകത്തെ അടുക്കള ഭാഗത്ത് കുഴിയെടുത്ത് മൂടിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഗിരീഷ് തന്നെയാണ് പിന്നീട് നാ‌ട്ടുകാരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യപാനിയായിരുന്ന ഗിരീഷ് അമ്മയുമായി ഇടയ്ക്കിടെ വഴക്കിടാറുണ്ടായിരുന്നെന്നു നാട്ടുകാർ പറഞ്ഞു. ഇതോടെ രാധയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരിൽ ചിലർ പൊലീസിനെ അറിയിച്ചു.

പൊലീസ് സ്ഥലത്തെത്തിയപ്പോൾ ഗിരീഷ് മദ്യലഹരിയിലായിരുന്നു. രാധയുടേത് സ്വാഭാവിക മരണമാണെന്നും താൻ കൊലപ്പെടുത്തിയിട്ടില്ലെന്നും ഗിരീഷ് പോലീസിനോട് പറഞ്ഞു. മദ്യലഹരി മാറിയശേഷം നടത്തിയ ചോദ്യം ചെയ്യലിലും പ്രാഥമിക അന്വേഷണത്തിലുമൊന്നും അസ്വാഭാവികത കണ്ടെത്താനായില്ലെന്ന് പൊലീസ് വ്യക്തമാക്കി. മൃതദേഹം പുറത്തെടുത്ത് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. മൃതദേഹം വീട്ടുവളപ്പിൽ വാർഡ് മെമ്പർ വിജിയുടെ നേതൃത്വത്തിൽ സംസ്കരിച്ചു.

വെള്ളത്താൽ ചുറ്റപ്പെട്ട് ഒറ്റപ്പെട്ട് കിടക്കുന്ന പ്രദേശത്താണ് ഗിരീഷും മാതാവ് രാധയും താമസിച്ചിരുന്നത്. ഗിരീഷ് വിവാഹിതനാണെങ്കിലും ഭാര്യയുമായി അകന്നി കഴിയുകയായിരുന്നു.