മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നം 'ന്യൂട്രിലെവൽ' പുറത്തിറക്കി

Thursday 26 February 2026 1:34 AM IST

തിരുവനന്തപുരം: ആരോഗ്യസംരക്ഷണ ഉത്പന്ന വിപണിയിലേക്ക് ചുവടുവച്ച് മിൽമ. മിൽമയുടെ ആദ്യ പ്രോട്ടീൻ സമ്പുഷ്ട ഉത്പന്നമായ ന്യൂട്രിലെവലിന്റെ വിപണനോദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി മിൽമ ചെയർമാൻ കെ. എസ്. മണിയ്ക്ക് നൽകി നിർവഹിച്ചു. മിൽമയുടെ പുതിയ ഉത്പന്നങ്ങളായ കഫേ മോക്ക, കോൾഡ് കോഫി എന്നീ മിൽക്ക്‌ഷേക്കുകളും ചടങ്ങിൽ പുറത്തിറക്കി.2030-ഓടെ 10,000 കോടി രൂപയുടെ വിറ്റുവരവുള്ള പ്രസ്ഥാനമായി മാറാനാണ് മിൽമ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. പ്രായഭേദമെന്യേ എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന പോഷകസമൃദ്ധവും ഗുണമേൻമയേറിയതുമായ ഉത്പന്നമാണ് 'ന്യൂട്രിലെവൽ'. 'ന്യൂട്രിലെവൽ' ഉത്പന്നം നിർമ്മിക്കുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ ലഭ്യമാക്കിയ അമേരിക്കയിലെ ഓറോവില്ലി ഹോസ്പിറ്റലേയും തിരുവനന്തപുരം കിംസ് ഹോസ്പിറ്റലിലേയും ചീഫ് എൻഡോക്രൈനോളജിസ്റ്റും ശാസ്ത്രജ്ഞനുമായ ഡോ. ഗോപിനാഥ് എസ്. സുനിലിനെ ചടങ്ങിൽ അനുമോദിച്ചു.