ഭിന്നശേഷി പുനരധിവാസത്തിന് മാതൃകാ ഗ്രാമം
Thursday 26 February 2026 1:46 AM IST
തിരുവനന്തപുരം: ഭിന്നശേഷി കുട്ടികളുടെയും രക്ഷിതാക്കളുടെയും യോജിച്ചുള്ള പുനരധിവാസം ലക്ഷ്യമാക്കിയുള്ള മാതൃകാ അസിസ്റ്റീവ് വില്ലേജുകളിൽ (മാതൃകാ പുനരധിവാസ ഗ്രാമം) ആദ്യത്തേതിന് തിരൂരിൽ 26ന് വൈകിട്ട് നാലിന് മന്ത്രി ആർ. ബിന്ദു തറക്കല്ലിടും. കുറുമ്പത്തോർ വില്ലേജിലെ ആതവനാടുള്ള പുത്തനത്താണി ചുങ്കം പ്രദേശത്തെ പാലക്കാട്ട് പറമ്പിൽ അഞ്ചേക്കർ ഭൂമിയിലാണ് സംസ്ഥാനത്തെ ആദ്യ ഭിന്നശേഷി പുനരധിവാസ ഗ്രാമം ഉയരുന്നതെന്ന് മന്ത്രി ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരസ്പരം സഹായമാകുന്ന രീതിയിലുള്ള ഇത്തരമൊരു മാതൃകാഗ്രാമം രാജ്യത്ത് ആദ്യമായാണ്. 65.48 കോടിയാണ് പദ്ധതിചെലവ്. ആദ്യഘട്ട നിർമ്മാണത്തിന് അഞ്ചു കോടി രൂപയുടെ ഭരണാനുമതി നൽകിയെന്നും മന്ത്രി പറഞ്ഞു.