ആശുപത്രി കോമ്പൗണ്ടിൽ നിന്ന് ചന്ദനമരം മോഷണം പോയിട്ടും അധികൃതർക്ക് പരാതിയില്ല; സംഭവം ദുരൂഹമെന്ന് നാട്ടുകാർ
Thursday 26 February 2026 7:16 AM IST
തിരുവനന്തപുരം: പാറശാല താലൂക്ക് ആശുപത്രിയിൽ നിന്നേ ചന്ദനമരങ്ങൾ മുറിച്ചുകടത്തി. ഞായറാഴ്ച രാത്രിയാണ് ചന്ദന മരം കാണാതായത്. മോഷണം നടന്ന് ഇത്രയും ദിവസമായിട്ടും അധികൃതർ പൊലീസിൽ പരാതി നൽകുന്നില്ലെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നുമാണ് നാട്ടുകാരുടെ ആരോപണം.
ആശുപത്രിയുടെ മെയിൻഗേറ്റിന് സമീപത്തായി നിന്നിരുന്ന 25 വർഷത്തോളം പഴക്കമുള്ള മരമാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ പറയുന്നു. എട്ടോളം സുരക്ഷാജീവനക്കാർ രാത്രിയിലും പകലുമായി ഇവിടെ കാവൽ നിൽക്കുന്നുണ്ട്. സിസിടിവി ദൃശ്യങ്ങളുണ്ടായിട്ടും അധികൃതർ അതു പരിശോധിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. നാട്ടുകാർ ഇതിൽ പ്രതിഷേധം നടത്തിയെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പരാതി ലഭിച്ചിട്ടില്ലെന്നും പാറശാല പൊലീസും വ്യക്തമാക്കി.