കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതർ; സിപിഎം ആണെന്ന്  കോൺഗ്രസ്

Thursday 26 February 2026 8:54 AM IST

കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു ആക്രമിച്ചതിൽ പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നതിനിടെ കോടിയേരിയിലെ കോൺഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതർ. ഇന്ന് പുലർച്ചെയാണ് സംഭവം. കല്ലിൽത്താഴയിലുള്ള പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസിനാണ് തീയിട്ടത്. ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയണച്ചു. ഓഫീസ് കത്തിച്ചത് സിപിഎം ആണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസിന്റെ കൊടിമരങ്ങളും ഫ്ലക്സ് ബോർഡുകളും സിപിഎം നശിപ്പിക്കുന്നത് തുടരുകയാണ്.

അതേസമയം, കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച വീണാ ജോർജിന് ഇന്ന് വിദഗ്‌ദ്ധ പരിശോധന നടത്തും. എംആർഐ സ്‌കാനിംഗിൽ ഗുരുതപ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തൽ. കഴുത്തിന് നേരിയ ക്ഷതം ഉണ്ടെന്നാണ് പ്രാഥമികപരിശോധനയിൽ കണ്ടെത്തിയത്. ഇന്ന് പത്തുമണിയോടെ മെഡിക്കൽ ബോർഡ് മീറ്റിംഗ് ചേരും.

ഇന്നലെ രാത്രി 10 മണിയോടെയാണ് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കെഎസ്‌യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കെെപിടിച്ച് തിരിക്കുകയും ചെയ്തുവെന്ന് പറഞ്ഞാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആ ശുപത്രിയിൽ ഇന്നലെ വെെകിട്ട് പ്രവേശിപ്പിച്ചത്. എന്നാൽ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതുവരെ കിട്ടിയിട്ടില്ല. സംഭവത്തിൽ ഇന്നലെ അഞ്ച് കെഎസ്‌യും പ്രവർത്തകരെ റിമാൻഡ് ചെയ്‌തിരുന്നു. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വൈദ്യ പരിശോധനയ്‌ക്ക് ശേഷം ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.