ഇംഗ്ലണ്ട് ജയിക്കണം,​ ലങ്കയെ തകർക്കണം; സെമി ഫൈനലിന് യോഗ്യത നേടാൻ പാകിസ്ഥാൻ കടക്കേണ്ട കടമ്പകൾ ഇങ്ങനെ

Thursday 26 February 2026 11:40 AM IST

കൊളംബോ: ട്വിന്റി-20 ലോകകപ്പ് സൂപ്പർ 8-ൽ ശ്രീലങ്കയെ തകർത്തുവിട്ട ന്യൂസിലൻഡിന്റെ വൻവിജയത്തിന് പിന്നാലെ പാകിസ്ഥാന്റെ സെമി ഫൈനൽ പ്രതീക്ഷകളാണ് തുലാസിലായിരിക്കുന്നത്. ഇന്നലെ കൊളംബോയിൽ നടന്ന മത്സരത്തിൽ ആതിഥേയരായ ശ്രീലങ്കയെ 61 റൺസിന് പരാജയപ്പെടുത്തിയതോടെ ന്യൂസിലൻഡിന്റെ നെറ്റ് റൺ റേറ്റ് +3.050 ലേക്ക് ഉയർന്നു. ഇതോടെ ഗ്രൂപ്പ് രണ്ടിൽ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ സെമിയിലെത്താൻ ഏറ്റവും കൂടുതൽ സാധ്യത കിവീസിനാണ്.

എങ്കിലും, പാകിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പൂർണമായും പുറത്തായിട്ടില്ല. പാകിസ്ഥാൻ സെമിയിലെത്തണമെങ്കിൽ പ്രധാനമായും രണ്ട് കാര്യങ്ങൾ സംഭവിക്കണം. 27ന് നടക്കുന്ന മത്സരത്തിൽ ഇംഗ്ലണ്ട് ന്യൂസിലൻഡിനെ പരാജയപ്പെടുത്തണം. കിവീസ് വിജയിക്കുകയോ മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെടുകയോ ചെയ്താൽ പാകിസ്ഥാൻ പുറത്താകും. രണ്ടാമതായി നിലവിൽ 0.461 റൺ റേറ്റുള്ള പാകിസ്ഥാൻ അവസാന മത്സരത്തിൽ ലങ്കയെ വലിയ മാർജിനിൽ തോൽപ്പിക്കണം.

ഇംഗ്ലണ്ട് 20 റൺസിന് ന്യൂസിലൻഡിനെ തോൽപ്പിച്ചാൽ, പാകിസ്ഥാൻ ശ്രീലങ്കയെ 50 റൺസിനെങ്കിലും പരാജയപ്പെടുത്തണം. പാകിസ്ഥാൻ ആദ്യം ബാറ്റ് ചെയ്യുകയാണെങ്കിൽ ചുരുങ്ങിയത് 70 റൺസിന്റെ വിജയമെങ്കിലും അനിവാര്യമാണ്. ഇനി ശ്രീലങ്കയാണ് ആദ്യം ബാറ്റ് ചെയ്യുന്നതെങ്കിൽ കാര്യങ്ങൾ കൂടുതൽ കടുപ്പമാകും. ലങ്ക 200 റൺസ് നേടിയാൽ പാകിസ്ഥാൻ അത് 15 ഓവറിനുള്ളിൽ മറികടക്കണം. ലങ്ക 150 റൺസാണ് നേടുന്നതെങ്കിൽ 14 ഓവറിനുള്ളിൽ ലക്ഷ്യം കാണണം. ഇതാണ് ലങ്കയെ നേരിടാനിരിക്കുന്ന സൽമാൻ ആഗയ്ക്കും സംഘത്തിനും മുന്നിലുള്ള കടമ്പകൾ.

ഫെബ്രുവരി 27ന് നടക്കുന്ന ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തിന് ശേഷമാണ് 28ന് പാകിസ്ഥാന്റെ മത്സരം നടക്കുക. അതിനാൽ കൃത്യം എത്ര റൺ റേറ്റ് വേണമെന്ന വ്യക്തമായ ധാരണയോടെ ഗ്രൗണ്ടിലിറങ്ങാൻ പാകിസ്ഥാന് സാധിക്കും. സെമിയിലേക്ക് യോഗ്യത നേടിയാൽ കൊളംബോയിലാകും പാകിസ്ഥാൻ തങ്ങളുടെ പോരാട്ടം നടത്തുക.