ഉരുളക്കിഴങ്ങ് അന്യസംസ്ഥാനക്കാരുടേത് മാത്രമല്ല, നമ്മുടെ തൊടിയിലും നൂറുശതമാനം വിളവ് ഉറപ്പ്
ഉരുളക്കിഴങ്ങ് നമ്മുടെ നാട്ടിൽ വിളയില്ലെന്നാണ് പൊതുവെയുളള ധാരണ. എന്നാൽ അത് തൽക്കാലം മാറ്റിവച്ചേക്കൂ. നമ്മുടെ നാട്ടിലും ഉരുളക്കിഴങ്ങ് നന്നായി വിളവുതരും. ചട്ടിയിലോ, ഗ്രോബാഗിലോ നടുകയും ചെയ്യാം. അധികം പരിചരണം വേണ്ട എന്നതാണ് ഇതിന്റെ ഏറ്റവും പ്രധാന പ്രത്യേകത. വിത്തുവാങ്ങാൻ പണം മുടക്കേണ്ട എന്നത് കൃഷിയിലെ പണച്ചെലവ് കുറയ്ക്കും. നാട്ടിലെ പച്ചക്കറികടയിലും വീടുകളിൽ നിന്നും ഒഴിവാക്കുന്ന മുളച്ച കിഴങ്ങ് വിത്തായി ഉപയോഗിക്കാം.
കൃഷി രീതി
വെറും നിലത്ത് കൃഷിചെയ്യുന്നതിനേക്കാൾ ചട്ടിയിലോ ഗ്രോബാഗിലോ കൃഷിചെയ്യുന്നത് മികച്ച വിളവുതരും. ചട്ടിയിൽ നിറയ്ക്കാനുള്ള മണ്ണ് പരുവപ്പെടുത്തുകയാണ് ആദ്യം വേണ്ടത്. കല്ലും കട്ടയും ചപ്പുചവറുകളും നീക്കിയ മണ്ണ് ആവശ്യത്തിന് കുമ്മായും ചേർത്ത് കുറച്ചുനാൾ ഇടണം. അണുക്കളെല്ലാം മാറി കൃഷിക്കായി നന്നായി പരുവപ്പെടാനാണിത്. നടുന്നതിന് തൊട്ടുമുമ്പ് മണൽ, ആട്ടിൻ കാഷ്ഠം, ചകിരിച്ചോറ് (മഴക്കാലത്തല്ല കൃഷിചെയ്യുന്നതെങ്കിൽ) എന്നിവ മിക്സ് ചെയ്യണം.
ചട്ടിയുടെ അടിയിലെ ദ്വാരങ്ങൾ മണ്ണുകാെണ്ട് അടഞ്ഞുപോകാതിരിക്കാൻ ഓടിന്റെ കഷ്ണങ്ങൾ നിരത്തണം. അതിനുമുകളിൽ കുറച്ച് കരിയില ഇടണം. ഉണങ്ങിപ്പൊടിഞ്ഞതാണെങ്കിൽ ഏറെ നന്ന്. തുടർന്ന് ചട്ടിയിൽ അരയിടം മാത്രം മണ്ണുനിറയ്ക്കണം. ഇതിലേക്കുവേണം ഉരുളക്കിഴങ്ങ് വിത്തുനടാൻ. സാമാന്യം വലിപ്പമുള്ള ചട്ടിയിൽ ഒരു വിത്തുമാത്രം നടുന്നതാണ് നന്ന്. അങ്ങനെയെങ്കിൽ വിളവും കൂടും .
വിത്തുനട്ട ചട്ടി നല്ല വെയിലുള്ള സ്ഥലത്തുവേണം വയ്ക്കാൻ. ആവശ്യത്തിന് നനയ്ക്കാൻ മറക്കരുത്. വിത്തുകിളിർത്തശേഷം വെള്ളമൊഴിക്കുന്നത് കൂടുതൽ ശ്രദ്ധിക്കണം. ഒരിക്കലും ചെടിയുടെ മുകളിലേക്ക് വെള്ളം വീഴാതിരിക്കാൻ ശ്രദ്ധിക്കണം.അങ്ങനെയെങ്കിൽ ചെടി ഒടിഞ്ഞുപോകും. ഇതൊഴിവാക്കാൻ ചെറിയ കമ്പുകൾ ഊന്നി തൈകൾ പിടിച്ചുകെട്ടുന്നത് നന്നായിരിക്കും. വെള്ളം കൂടിപ്പോകാനും ശ്രദ്ധിക്കണം. തൈകൾ വളരുന്നതിനനുസരിച്ച് കിഴങ്ങിറങ്ങും. അതിനാൽ ഇടയ്ക്കിടെ ആവശ്യത്തിന് മണ്ണിട്ടുകാെടുക്കാൻ മറക്കരതു. ചെടി പട്ടുതുടങ്ങുമ്പാേൾ വിളവെടുക്കാം. മാർക്കറ്റിൽ നിന്ന് വാങ്ങുന്ന കിഴങ്ങുകളെക്കാൾ ഇതിന് രുചി കൂടും.