കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ സമുച്ചയത്തിന് രാഹുൽ ശിലയിട്ടു
മേപ്പാടി (വയനാട്): മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിനായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ സമുച്ചയത്തിന് ലോക് സഭാ പ്രതിപക്ഷനേതാവും മുൻ വയനാട് എം.പിയുമായ രാഹുൽഗാന്ധി ശിലയിട്ടു. മേപ്പാടി കുന്നമ്പറ്റയിൽ ആദ്യഘട്ടത്തിൽ നിർമ്മിക്കുന്ന 50 വീടുകൾക്കാണ് തറക്കല്ലിട്ടത്. ചടങ്ങിൽ ചൂരൽമലയിലെ 40 കെട്ടിട ഉടമകൾക്ക് 5 ലക്ഷം രൂപ വീതം ധനസഹായം കൈമാറി.
മഹാ ദുരന്തം നേരിട്ട വയനാടൻ ജനതയ്‌ക്കൊപ്പം താനും കോൺഗ്രസും എന്നും കൂടെയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പ്രഖ്യാപിച്ച 100 വീടുകൾ സമയബന്ധിതമായി നിർമ്മിച്ചു നൽകും.സാങ്കേതിക കാരണങ്ങളാൽ വീട് നിർമ്മിക്കാൻ വൈകിയിട്ടുണ്ട്.
ഒറ്റക്കെട്ടായാണ് ഓരോ പ്രതിസന്ധിയും വയനാട് നേരിടുന്നത്. രണ്ടു തവണയും താൻ ദുരന്തമേഖല സന്ദർശിച്ചിരുന്നു. അന്ന് കണ്ട കാഴ്ചയുടെ നടുക്കം വിട്ടുമാറിയിട്ടില്ല. കൂടുതൽ സഹായം അനിവാര്യമാണെന്ന് മനസിലായി. അതിനാലാണ് കോൺഗ്രസ് പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതെന്നും രാഹുൽ പറഞ്ഞു. പ്രിയങ്ക ഗാന്ധി എം.പി മുഖ്യാതിഥിയായിരുന്നു. കുടുംബത്തിലെ എല്ലാവരും നഷ്ടമായ വിദ്യാർത്ഥി ഹാനി, കൃഷിയിടവും ഭൂമിയും വരുമാനമാർഗങ്ങളും ഇല്ലാതായ അണ്ണയ്യൻ എന്നിവരെയടക്കം ദുരന്തംനേരിട്ടവരെ പേരെടുത്തു പറഞ്ഞായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പ്രസംഗം. കെ.പി.സി.സി പ്രസിഡന്റ് സണ്ണിജോസഫ് അദ്ധ്യക്ഷനായിരുന്നു. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ദീപാ ദാസ് മുൻഷി , ഷാഫി പറമ്പിൽ എം.പി , എം.എൽ.എമാരായ പി.സി വിഷ്ണുനാഥ്, എ.പി അനിൽകുമാർ , ഐ.സി ബാലകൃഷ്ണൻ, ടി.സിദ്ദീഖ്, പി.കെ ബഷീർ, ഡി.സി.സി പ്രസിഡന്റ് ടി.ജെ ഐസക്ക്, കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് പ്രവീൺ കുമാർ , കെ.എൽ പൗലോസ് തുടങ്ങിയവർ പ്രസംഗിച്ചു.