ഒ.പി മുടങ്ങരുതെന്ന് ഹൈക്കോടതി
Friday 27 February 2026 12:23 AM IST
കൊച്ചി: ഡോക്ടർമാരുടെ ബഹിഷ്കരണസമരം ഗവ. മെഡിക്കൽ കോളേജുകളിലെ ഒ.പി വിഭാഗത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സമരത്തിന്റെ പേരിൽ രോഗികൾക്ക് ആരോഗ്യ സേവനം നിഷേധിക്കപ്പെടരുത്. സമരത്തിനെതിരെ ഫയൽചെയ്ത പൊതുതാത്പര്യ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം.ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഡോക്ടർമാരുടെ സമരം ജനങ്ങളുടെ ഭരണഘടനാപരമായ അവകാശത്തെ ഹനിക്കുന്നതാണെന്ന് അഡ്വ. അജീഷ് കളത്തിലിന്റെ ഹർജിയിൽ പറയുന്നു. ഒ.പി സേവനമടക്കം ഉറപ്പാക്കാൻ നിർദ്ദേശം നൽകണമെന്നാണ് ആവശ്യം. സർക്കാരിന്റെ വിശദീകരണം തേടിയ കോടതി, ഹർജി മാർച്ച് അഞ്ചിലേക്ക് മാറ്റി.