കേരള സ്റ്റോറി 2 റിലീസിനുള്ള സ്റ്റേ തുടരും, അപ്പീൽ വിധി പറയാനായി മാറ്റി, ഉത്തരവ് നാളെ
കൊച്ചി: വിവാദത്തിലായ 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' സിനിമയുടെ റിലീസ് തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ച് നടപടിക്കെതിരെ നൽകിയ അപ്പീൽ ഉത്തരവ് പറയാനായി മാറ്റി. നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച് രാത്രി വൈകിയും വാദം കേട്ടശേഷമാണ് വിധി പറയാനായി മാറ്റിയത്. നാളെ ഉത്തരവ് പുറപ്പെടുവിച്ചേക്കും.
നാളെ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഇന്ന് ഉച്ചയോടെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രദർശനം വിലക്കിയത്. പിന്നാലെയാണ് നിർമ്മാതാക്കൾ നൽകിയ അടിയന്തര അപ്പീലിൽ ജസ്റ്റിസ് സുശ്രുത് എ.ധർമ്മാധികാരി, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് രാത്രി രണ്ട് മണിക്കൂറോളം അപ്പീൽ കേട്ടത്. വിവിധ സംസ്ഥാനക്കാരായ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇരയാക്കുന്നതാണ് പ്രമേയം. പ്രദർശനാനുമതി നൽകിയത് ചോദ്യം ചെയ്ത് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് സ്റ്റേ.
നിർമ്മാതാക്കൾക്കായി സുപ്രീംകോടതി അഭിഭാഷകൻ നീരജ് കിഷൻ കൗൾ, അഡ്വ. എൽവിൻ പീറ്റർ എന്നിവർ ഹാജരായി. കേരളത്തെ മോശമായി ചിത്രീകരിക്കുന്നത് തന്നെ വ്യക്തിപരമായി ബാധിക്കുന്നതാണെന്ന് ഹർജിക്കാർക്കായി ഹാജരായ അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്‌ഡെ വാദിച്ചു.