കരുതലോടെ ഓഹരി നിക്ഷേപകർ

Friday 27 February 2026 12:27 AM IST

ജി.ഡി.പി കണക്ക് ഇന്നറിയാം

കൊച്ചി: നടപ്പുസാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിലെ മൊത്തം ആഭ്യന്തര ഉത്പാദന(ജി.ഡി.പി) കണക്കുകളും പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങളും പ്രതീക്ഷിച്ച് ഓഹരി നിക്ഷേപകർ കരുതലോടെ നീങ്ങുന്നു. 2022-23 അടിസ്ഥാന വർഷമാക്കി വരുന്ന ആദ്യ ജി.ഡി.പി കണക്ക് ഇന്ന് കേന്ദ്ര സർക്കാർ പുറത്തുവിടും. ഇന്നലെ ഒരവസരത്തിൽ 700 പോയിന്റ് നേട്ടമുണ്ടാക്കിയ സെൻസെക്സ് വ്യാപാരാന്ത്യത്തിൽ വിൽപ്പന സമ്മർദ്ദം നേരിട്ടിരുന്നു. സെൻസെക്‌സ് ഇന്നലെ 27 പോയിന്റ് നഷ്‌ടത്തോടെ 82,248.61ൽ അവസാനിച്ചു. നിഫ്റ്റി 14 പോയിന്റ് ഉയർന്ന് 25,496.55ൽ എത്തി. ഇതിനോടൊപ്പം അമേരിക്കയും ഇറാനുമായുള്ള ആണവ ചർച്ചകയിലെ തീരുമാനമാണ് നിക്ഷേപകരുടെ നെഞ്ചിടിപ്പ് വർദ്ധിപ്പിക്കുന്നത്. ചർച്ച പരാജയപ്പെട്ടാൽ ക്രൂഡോയിൽ വില കുതിച്ചുയരാനും ഇന്ത്യൻ വിപണി മൂക്കുകുത്താനും ഇടയുണ്ട്. വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ പിന്മാറ്റം ശക്തമാകാൻ ആഗോള രാഷ്ട്രീയ സംഘർഷങ്ങൾ കാരണമാകും. ഡോളറിനെതിരെ രൂപയുടെ ചാഞ്ചാട്ടവും നിക്ഷേപകർക്ക് ആശങ്ക ഉയർത്തുന്നു.

ക്രൂഡോയിൽ വില കുതിച്ചേക്കും

അമേരിക്ക ഇറാനെ ആക്രമിച്ചാൽ ലോകത്തെ ക്രൂഡോയിൽ സപ്ളൈ ശൃംഖല തടസപ്പെടുമെന്ന ആശങ്ക ശക്തമാണ്. ഇതോടെ ഇന്ത്യയും ചൈനയും അടക്കമുള്ള രാജ്യങ്ങൾ പശ്ചിമേഷ്യ ഒഴിവാക്കി പുതിയ വിപണികളിൽ നിന്ന് ഇന്ധനം ലഭ്യമാക്കാൻ ശ്രമം തുടങ്ങി. പശ്ചിമേഷ്യയിലെ സംഘർഷ സാദ്ധ്യത ശക്തമായതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 72 ഡോളറിനടുത്താണ്. ഇറാനെതിരെ ആക്രമണമുണ്ടായാൽ വില നൂറ് ഡോളറിന് മുകളിലെത്തിയേക്കും.

സ്വർണ വിപണിയിൽ സ്ഥിരത

അമേരിക്കൻ സുപ്രീം കോടതി പകരച്ചുങ്കം റദ്ദാക്കിയതിന് പിന്നാലെ ഡൊണാൾഡ് ട്രംപ് ആഗോള ഉത്പന്നങ്ങൾക്ക് 15 ശതമാനം തീരുവ ഏർപ്പെടുത്തി യുദ്ധ മുഖം തുടർന്നതോടെ സ്വർണ വില കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പുതിയ സംഭവ വികാസങ്ങൾ ഇല്ലാത്തതിനാൽ സ്വർണ വിപണി സ്ഥിരതയിലാണ് നീങ്ങുന്നത്. നിലവിൽ രാജ്യാന്തര സ്വർണ വില ഔൺസിന് 5,180 ഡോളറിലാണ്. ആഗോള വിപണിയുടെ ചുവടുപിടിച്ച് കേരളത്തിലും കഴിഞ്ഞ ദിവസങ്ങളിൽ വിലയിൽ നേരിയ വ്യതിയാനം മാത്രമാണുണ്ടായത്. അമേരിക്ക ഇറാനെ ആക്രമിച്ചാൽ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് പ്രിയമേറും. ഇപ്പോഴത്തെ സാഹചര്യത്തിൽ വില ഔൺസിന് 5,500 ഡോളർ കവിയാൻ ഇടയുണ്ടെന്ന് അനലിസ്‌റ്റുകൾ പറയുന്നു.