കേരള സ്റ്റോറി 2; ആദ്യം സ്റ്റേ , പിന്നാലെ അപ്പീൽ
കൊച്ചി: ഉള്ളടക്കത്തെച്ചൊല്ലിയും പേരിനെച്ചൊല്ലിയും വിവാദത്തിലായ 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്" സിനിമയുടെ റിലീസ് ഹൈക്കോടതി സിംഗിൾ ബെഞ്ച് തടഞ്ഞു. ഇതിനെതിരെ നിർമ്മാതാക്കൾ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻ ബെഞ്ച്, രാത്രി വൈകിയും വാദം കേട്ടശേഷം വിധി പറയാനായി മാറ്റി. ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചേക്കും.
ഇന്ന് ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് ഇന്നലെ ഉച്ചയോടെ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് പ്രദർശനം വിലക്കിയത്. പിന്നാലെ, ജസ്റ്റിസ് സുശ്രുത് എ.ധർമ്മാധികാരി, ജസ്റ്റിസ് പി.വി.ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് രാത്രി രണ്ട് മണിക്കൂറോളം അപ്പീൽ കേട്ടത്. വിവിധ സംസ്ഥാനക്കാരായ യുവതികളെ നിർബന്ധിത മതപരിവർത്തനത്തിനും തീവ്രവാദ പ്രവർത്തനങ്ങൾക്കും ഇരയാക്കുന്നതാണ് പ്രമേയം. പ്രദർശനാനുമതി നൽകിയത് ചോദ്യം ചെയ്ത് കണ്ണൂർ സ്വദേശി ശ്രീദേവ് നമ്പൂതിരി, അതുൽ റോയി എന്നിവർ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ച് സ്റ്റേ.
നിർമ്മാതാക്കൾക്കായി സുപ്രീംകോടതി അഭിഭാഷകൻ നീരജ് കിഷൻ കൗൾ, അഡ്വ. എൽവിൻ പീറ്റർ എന്നിവർ ഹാജരായി. കേരളത്തെ മോശമായി ചിത്രീകരിക്കുന്നത് തന്നെ വ്യക്തിപരമായി ബാധിക്കുന്നതാണെന്ന് ഹർജിക്കാർക്കായി ഹാജരായ അഡ്വ. മൈത്രേയി സച്ചിദാനന്ദ ഹെഗ്ഡെ വാദിച്ചു.
സമുദായ സൗഹാദ്ദം തകർക്കുന്നത്
സിനിമയുടെ ടീസറിലെ ഉള്ളടക്കം പ്രഥമദൃഷ്ട്യാ പൊതുജീവിത ക്രമവും സമുദായ സൗഹാർദ്ദവും തകർക്കുന്നതുമാണെന്ന് സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. സിനിമ കാണാൻ കോടതി സന്നദ്ധത അറിയിച്ചെങ്കിലും നിർമ്മാതാക്കൾ അനുകൂല നിലപാടല്ല സ്വീകരിച്ചതെന്നും വ്യക്തമാക്കി. ഏതെങ്കിലും മതത്തെയോ കേരളത്തെയോ മോശമായി ചിത്രീകരിക്കുന്നതല്ല സിനിമയെന്ന് നിർമ്മാതാക്കൾ അപ്പീലിൽ വാദിച്ചു. കഥാപാത്രങ്ങൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരായതിനാലാണ് 'കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്" എന്ന് പേരിട്ടതെന്നും അറിയിച്ചു.