കണ്ണൂരിലെ സി.പി.എം സ്ഥാനാർത്ഥികൾ; മുഖ്യമന്ത്രി, ശൈലജ  ലിസ്റ്റിൽ

Friday 27 February 2026 1:05 AM IST

കണ്ണൂർ: ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന സി.പി.എമ്മിന്റെ കണ്ണൂർ ജില്ലയിൽ നിന്നുള്ള പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗവും മുൻ ആരോഗ്യ മന്ത്രിയുമായ കെ.കെ.ശൈലജയും ഉൾപ്പെടും. സാദ്ധ്യതാ പട്ടിക തയ്യാറാക്കാൻ നിർദേശം ലഭിച്ചതിന് പിന്നാലെയാണ് കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി. ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയന്റെ പേരാണ് ശുപാർശ ചെയ്തത്. മട്ടന്നൂരിൽ കെ.കെ. ശൈലജയ്ക്കാണ് ആദ്യ പരിഗണന. എന്നാൽ ശൈലജയുടെ കാര്യം തീരുമാനിക്കേണ്ടത് കേന്ദ്ര കമ്മിറ്റിയാണ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ ശൈലജ മത്സരിക്കാനുള്ള സാദ്ധ്യതയുമുണ്ട്.

മട്ടന്നൂരിൽ ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജിനെയോ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.പുരുഷോത്തമനെയോ പരിഗണിക്കാമെന്ന നിർദ്ദേശവും ജില്ലാ സെക്രട്ടറിയേറ്റിലുയർന്നു.തളിപ്പറമ്പിൽ ശൈലജയ്ക്ക് പുറമെ എം.വി.ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം എൻ.സുകന്യ തുടങ്ങിയ പേരുകളും പരിഗണനയിലുണ്ട്. മുൻ എം.എൽ.എ ജയിംസ് മാത്യുവിന്റെ ഭാര്യയാണ് എൻ.സുകന്യ. എം.വി.ഗോവിന്ദന്റെ ഭാര്യയും ആന്തൂർ മുനിസിപ്പാലിറ്റി മുൻ ചെയർപേഴ്സണുമായ പി.കെ.ശ്യാമളയുടെ പേരിന് പിന്തുണ ലഭിച്ചെന്നും വിവരമുണ്ട്.

നിയമസഭാ സ്പീക്കർ എ.എൻ.ഷംസീർ ഇത്തവണ മത്സരിക്കുന്നതിലും ആശയക്കുഴപ്പമുണ്ട്. അങ്ങനെ വന്നാൽ തലശ്ശേരിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജൻ, എം.വി. ജയരാജൻ എന്നീ പേരുകൾ ജില്ലാ നേതൃത്വം മുന്നോട്ടു വയ്ക്കുന്നു.പയ്യന്നൂരിൽ ടി.ഐ. മധുസൂദനന് രണ്ടാം തവണയും അവസരം നൽകുമെന്ന് ഉറപ്പാണ്. മധുസൂദനനെ മാറ്റിയാൽ രക്തസാക്ഷി ഫണ്ട് ദുർവിനിയോഗം അടക്കമുള്ള ആരോപണം ശരി വയ്ക്കുന്നതിന് തുല്യമാകുമെന്നതും ഇതിന് പിന്നിലുണ്ട്. .കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ, സംസ്ഥാന സമിതി അംഗങ്ങളായ പി.ജയരാജൻ, പി.ശശി, ജില്ലാ കമ്മിറ്റി അംഗം എം.വി. നികേഷ്‌കുമാർ എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റ് പരിഗണിച്ചിട്ടില്ല. അഴീക്കോട്ട് കെ.വി.സുമേഷും കല്യാശേരിയിൽ എം.വിജിനും പേരാവൂരിൽ സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈനും മത്സരിക്കും. കണ്ണൂരിലും കൂത്തുപറമ്പിലും ഘടകകക്ഷികളാകും മത്സരിക്കുന്നത്.