മുണ്ടകപ്പാടം നികത്തുന്നു: പ്രതിഷേധം ഇരമ്പുന്നു

Friday 27 February 2026 12:06 AM IST
മുണ്ടകപ്പാടത്തിലെ ഗ്രാവൽ ഇട്ട് നികത്തിയ ഭാഗം.

കരുനാഗപ്പള്ളി : നഗരസഭയിലെ പ്രധാന ജലസ്രോതസും മഴവെള്ളപ്പാച്ചിലിന്റെ സ്വാഭാവിക മാർഗവുമായ മുണ്ടകപ്പാടം അനധികൃതമായി നികത്തുന്നതിനെതിരെ നാട്ടിൽ പ്രതിഷേധം രൂക്ഷമാകുന്നു. കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം കോടതി സമുച്ചയം പ്രവർത്തിക്കുന്ന കെട്ടിടത്തിന് പിന്നിലുള്ള പാടശേഖരമാണ് ഒറ്റരാത്രികൊണ്ട് ഗ്രാവൽ ഇട്ട് നികത്തിയത്.

 വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്ന നികത്തൽ

കരുനാഗപ്പള്ളിയിലെ മിക്ക പ്രദേശങ്ങളിലെയും മഴവെള്ളം ഒഴുകിയെത്തി ചന്തക്കായലിൽ പതിക്കുന്നത് മുണ്ടകപ്പാടം വഴിയാണ്. മാർക്കറ്റിനെയും സമീപ പ്രദേശങ്ങളെയും വെള്ളക്കെട്ടിൽ നിന്നും സംരക്ഷിക്കുന്നതിൽ ഈ പാടശേഖരം നിർണായക പങ്കുവഹിക്കുന്നു. പാടം നികത്തുന്നത് വരാനിരിക്കുന്ന മഴക്കാലത്ത് വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിന് കാരണമാകുമെന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചു.

 വില്ലേജ് ഓഫീസറുടെ ഇടപെടലും നടപടികളും

അനധികൃത നികത്തൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് കരുനാഗപ്പള്ളി വില്ലേജ് ഓഫീസർ സംഭവസ്ഥലത്തെത്തി അടിയന്തരമായി സ്റ്റോപ്പ് മെമ്മോ നൽകി. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം നിയമവിരുദ്ധമായ ഈ പ്രവർത്തനത്തിനെതിരെ കർശന നടപടി സ്വീകരിക്കാനും നികത്തിയ ഭാഗം പൂർവ സ്ഥിതിയിലാക്കാനും ആവശ്യപ്പെട്ടുകൊണ്ട് വില്ലേജ് ഓഫീസർ ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.