ആലപ്പുഴയിൽ സിറ്റിംഗ് എം.എൽ.എമാരെ പരിഗണിക്കാൻ സി.പി.എം
ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ സിറ്റിംഗ് എം.എൽ.എമാരെ വീണ്ടും പരിഗണിക്കാൻ സി.പി.എം തീരുമാനം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം. ഒമ്പത് നിയമസഭാ മണ്ഡലങ്ങളുള്ള ആലപ്പുഴയിൽ ആറു സീറ്റിലാണ് സി.പി.എം മത്സരിക്കുന്നത്. രണ്ടുടേം വ്യവസ്ഥ ബാധകമാകുന്ന കായംകുളം ഉൾപ്പെടെ എല്ലാ മണ്ഡലങ്ങളിലും സിറ്റിംഗ് എം.എൽ.എമാരെ പരിഗണിക്കാനാണ് സെക്രട്ടേറിയറ്റ് യോഗത്തിന്റെ ശുപാർശ.
കായംകുളത്ത് രണ്ടുടേം വ്യവസ്ഥ ബാധകമാക്കിയാൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ, സി.പി.എം കൺട്രോൾ കമ്മിഷനംഗം കെ.എച്ച്.ബാബുജാൻ എന്നിവരുടെ പേരുകളാണ് പകരം പരിഗണനയിലുള്ളത്. ജില്ലാ സെക്രട്ടേറിയറ്റ് ശുപാർശപ്രകാരം പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റംഗവും മന്ത്രിയുമായ സജി ചെറിയാൻ ചെങ്ങന്നൂരിലും സിറ്റിംഗ് എം.എൽ.എമാരായ ദലീമാ ജോജോ അരൂരിലും പി.പി.ചിത്തരഞ്ജൻ ആലപ്പുഴയിലും എച്ച്.സലാം അമ്പലപ്പുഴയിലും എം.എസ്.അരുൺകുമാർ മാവേലിക്കരയിലും സ്ഥാനാർത്ഥികളാകാനാണ് സാദ്ധ്യത.
രാവിലെ പത്തരയോടെ ആലപ്പുഴ ജില്ലാ കമ്മിറ്രി ഓഫീസിൽ ആരംഭിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പുത്തലത്ത് ദിനേശനും എം.വി.ഗോവിന്ദനൊപ്പം സംബന്ധിച്ചു. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്നുള്ള പേരുവിവരങ്ങൾക്ക് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ അംഗീകാരം കൂടി ലഭിച്ചശേഷമാകും ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുക.
സുധാകരൻ, ഐസക്:
സംസ്ഥാന നേതൃത്വം തീരുമാനിക്കും
മുതിർന്ന നേതാക്കളായ ജി.സുധാകരൻ, ഡോ.തോമസ് ഐസക് എന്നിവരുടെ കാര്യത്തിൽ സംസ്ഥാന നേതൃത്വമാകും തീരുമാനമെടുക്കുക. ജി.സുധാകരനെ സ്ഥാനാർത്ഥിയാക്കേണ്ടതല്ലേയെന്ന് സെക്രട്ടേറിയറ്റംഗങ്ങളിൽ ചിലർ ചോദിച്ചു. നിർണയത്തിന് മാനദണ്ഡങ്ങളുണ്ടെന്നും മാനദണ്ഡപ്രകാരം മാറ്റി നിറുത്തിയവരുടെ കാര്യത്തിൽ ഇവിടെ ചർച്ച വേണ്ടെന്നുമായിരുന്നു എം.വി.ഗോവിന്ദന്റെ മറുപടി.