പടിപൂജയിലും വൻ കൊള്ള ,​ മുഴുവൻ ഫയലും പിടിച്ചെടുക്കും,​ ഇടപെട്ട് ഹൈക്കോടതി

Friday 27 February 2026 12:25 AM IST

കൊച്ചി/പത്തനംതിട്ട: സ്വർണക്കൊള്ള, കാണിക്കപ്പണം കക്കൽ, ആടിയശേഷം നെയ്യിൽ വെട്ടിപ്പ്. ഇവയ്ക്കു പിന്നാലെ ശബരിമല പടിപൂജ ബുക്കിംഗ് ക്രമക്കേടിലും കർശന ഇടപെടലുമായി ഹൈക്കോടതി. ബുക്കിംഗിന്റെ ഫയലുകൾ പിടിച്ചെടുത്ത് ഹാജരാക്കാൻ ഉത്തരവിട്ടു.

ദേവസ്വം വിജിലൻസാണ് ഗുരുതര ക്രമക്കേട് കണ്ടെത്തിയത്. 2045 വരെയുള്ള പടിപൂജ ബുക്കിംഗ് കഴിഞ്ഞു. ചില വ്യക്തികൾ വ്യാജ വിലാസങ്ങൾ നൽകി ബുക്കിംഗ് കൂട്ടത്തോടെ സ്വന്തമാക്കും. പിന്നീട് രണ്ടിരട്ടിവരെ വിലയ്‌ക്ക് മറിച്ചുവിൽക്കുകയാണ്. ബുക്ക് ചെയ്ത് എത്താൻ പറ്റാത്തവരെയും വഞ്ചിക്കുന്നു.

രജിസ്റ്ററുകളും മറ്റ് രേഖകളും മുദ്രവച്ച കവറിൽ ഹാജരാക്കാനാണ് ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫീസർക്കുള്ള നിർദ്ദേശം. കുംഭമാസ പൂജയിലെ അപര്യാപ്തതകളുമായി ബന്ധപ്പെട്ട് സ്പെഷ്യൽ കമ്മിഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസുമാരായ വി.രാജ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. കേസ് മാർച്ച് 4ന് വീണ്ടും പരിഗണിക്കും. ശബരിമല എക്സിക്യുട്ടീവ് ഓഫീസർ അന്ന് ഹാജരാകണം. സന്നിധാനത്തെ ശുചീകരണ തൊഴിലാളികളുടെ കുറവ് കാരണം കുംഭമാസത്തിൽ ശുചിത്വ നിലവാരം കുറഞ്ഞതായി റിപ്പോർട്ടിലുണ്ട്. അടുത്ത മാസങ്ങളിൽ ആവർത്തിക്കില്ലെന്ന് ദേവസ്വം ബോർഡ് ഉറപ്പുനൽകി.

മണ്ഡല മകരവിളക്ക് കാലത്ത് മകരവിളക്ക് കഴിഞ്ഞുള്ള അഞ്ചു ദിവസവും മാസപൂജയ്ക്കും ഉത്സവകാലത്തും മറ്റ് പ്രത്യേക പൂജകൾക്കായി നടതുറക്കുമ്പോഴുമാണ് പടിപൂജ. മേൽശാന്തിയുടെ സാന്നിദ്ധ്യത്തിൽ തന്ത്രിയാണ് പൂജ നടത്തുന്നത്.

പടിപൂ‌ജ റേറ്റ് ₹1.37 ലക്ഷം

മറിച്ചുവില്പന 5 ലക്ഷത്തിന്

ഒരു ദിവസം ഒരു വഴിപാടുകാരനാണ് പടിപൂജയ്ക്ക് അവസരം. 1,​37,​900 രൂപയാണ് നിരക്ക്. ഇപ്പോൾ ബുക്കുചെയ്യുന്നവർക്ക് 2045ന് ശേഷമേ അവസരം കിട്ടൂ. ഇത് അവസരമാക്കിയാണ് ഇടനിലക്കാർ ഭക്തരെ ചൂഷണം ചെയ്യുന്നത്. പടിപൂജ ബുക്കുചെയ്യുന്നവരെ തീയതി കത്തുമുഖേന മുൻകൂട്ടി അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ കത്തയയ്ക്കില്ല. ഉദ്യോഗസ്ഥർ ഇടനിലക്കാർ വഴി പടിപൂജ മറിച്ചുനൽകും. മൂന്നു മുതൽ അഞ്ചുലക്ഷം രൂപ വരെ വാങ്ങുന്നുണ്ട്. ബുക്കിംഗിനുശേഷം സന്നിധാനത്ത് എത്താൻ കഴിയാതെ വിദേശത്തുള്ളവരുടെയും ക്യാൻസൽ ചെയ്യുന്നവരുടെയും വഴിപാടും മറിച്ച് നൽകി ലക്ഷങ്ങൾ തട്ടിക്കും.

ബുക്കിംഗ് വിവരം നേരത്തേ

പ്രസിദ്ധീകരിക്കണം

 2045 വരെ പടിപൂജ ബുക്കിംഗ് പൂർത്തിയായ സാഹചര്യത്തിൽ സുതാര്യത ഉറപ്പാക്കാൻ ഭക്തരുടെ വിവരം ഒരു വർഷം മുമ്പേ പ്രസിദ്ധീകരിക്കണം, ബുക്കിംഗ് കൈമാറ്റം അനുവദിക്കരുത് എന്നീ നിർദ്ദേശങ്ങൾ വിജിലൻസ് മുന്നോട്ടുവച്ചു

 തിരിച്ചറിയൽ രേഖകൾ കർശനമാക്കിയപ്പോൾ ബുക്ക് ചെയ്ത രണ്ടുപേർ പൂജയ്‌ക്ക് എത്താതിരുന്നത് സംശയങ്ങൾ വർദ്ധിപ്പിക്കുന്നതായി അമിക്കസ് ക്യൂറി

ക്ഷേത്ര പരിശുദ്ധിയെയും ബുക്കിംഗിലെ വിശ്വാസ്യതയെയും ബാധിക്കുന്ന വിഷയം. ഏറെ മോശപ്പെട്ട പ്രവൃത്തി

- ഹൈക്കോടതി