ഡിജിറ്റൽ ലിറ്ററസി പരിശീലനം

Friday 27 February 2026 1:03 AM IST

കൊല്ലം: ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ടിലെ സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ ഭാഗമായി മുതി​ർന്ന പൗരൻമാർക്കും മറ്റ് വിഭാഗക്കാർക്കുമുള്ള ഡിജിറ്റൽ ലിറ്ററസി പരിശീലന പരിപാടി ഇന്നു തുടങ്ങുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചയ്ക്ക് 2ന് മേയർ എ.കെ.ഹഫീസ് ഉദ്ഘാടനം ചെയ്യും. റസിഡൻസ് അസോസിയേഷനുകൾ, ക്ളബ്ബുകൾ, കുടുംബശ്രീ യൂണിറ്റുകൾ, മറ്റ് സന്നദ്ധ സംഘടനകൾ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൊബൈൽ ഫോൺ ഉപയോഗിച്ച് ദൈനംദിന ആവശ്യങ്ങൾ എങ്ങിനെ സ്വയം ചെയ്യാമെന്നതടക്കം പ്രായോഗികമായി പഠിപ്പിക്കും. ഗൂഗിൾ പേ, ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, വൈദ്യുതി ബില്ല്, വാട്ടർ ബില്ല് എന്നിവ അടയ്ക്കുന്നതും പരിശീലിപ്പിക്കും. ഉദ്ഘാടന ചടങ്ങിൽ മാനേജർ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ, പ്രിൻസിപ്പൽ ഡോ.എ.ആർ.അനിൽ, ഡോ.രാധാകൃഷ്ണൻ, പ്രൊഫ.എസ്.റോയി, പ്രൊഫ.ദീപ രാജൻ എന്നിവർ സംസാരിക്കും. പത്രസമ്മേളനത്തിൽ ഫാ. ബെഞ്ചമിൻ പള്ളിയാടിയിൽ, ഡോ.എ.ആർ.അനിൽ, ഡോ.ബി.രാധാകൃഷ്ണൻ, പ്രൊഫ.ദീപ രാജൻ, ബിബി ഫിലിപ്പ് എന്നിവർ പങ്കെടുത്തു.