സ്ത്രീവിരുദ്ധ അസഭ്യ മുദ്രാവാക്യം: ചിന്ത ജെറോം വിവാദത്തിൽ
കൊല്ലം: മന്ത്രി വീണാ ജോർജ്ജിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ബുധനാഴ്ച രാത്രി ഡി.വൈ.എഫ്.ഐ കൊല്ലം ഈസ്റ്റ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രകടനത്തിനിടെ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗവുമായ ചിന്താ ജെറാം.സ്ത്രീ വിരുദ്ധ അസഭ്യ മുദ്രാവാക്യം ഏറ്റു വിളിച്ചത് വിവാദമായി.
മുൻ നിരയിലുണ്ടായിരുന്ന ചിന്ത ജെറോം അടക്കമുള്ള നേതാക്കൾ നിരവധി തവണ ഈ അസഭ്യ മുദ്രാവാക്യം ആവർത്തിച്ചു. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ചിന്തയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്നു. താൻ മുദ്രാവാക്യം ഏറ്റുവിളിക്കുക മാത്രമാണ് ചെയ്തതെന്നും സ്ത്രീകൾക്കും ദളിതർക്കും അരികുവത്കരിക്കപ്പെട്ടവർക്കും ചേർന്നുനിൽക്കുന്നതാണ് തന്റെ രാഷ്ട്രീയമെന്നും ചിന്ത ജെറോം വിശദീകരിച്ചു.
സംഭവത്തിൽ ചിന്ത ജെറോം, ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ എസ്. ഷബീർ, ബ്ലോക്ക് സെക്രട്ടറി ടി.പി. അഭിമന്യു എന്നിവരടക്കം കണ്ടാലറിയാവുന്ന 47 പേർക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. കോൺഗ്രസ് കൊല്ലൂർവിള മണ്ഡലം പ്രസിഡന്റ് റിയാസുദ്ദീൻ നൽകിയ പരാതിയിൽ പ്രകോപനകരവും അധിക്ഷേപകരവുമായ മുദ്രാവാക്യങ്ങൾ വിളിച്ചു, ഗതാഗതം തടസപ്പെടുത്തി, ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.