4.56 ലക്ഷം പേർക്ക് പട്ടയം നൽകിയതിൽ അഭിമാനം: മുഖ്യമന്ത്രി

Friday 27 February 2026 1:26 AM IST

തൃശൂർ: 4.56 ലക്ഷം പേർ ഈ സർക്കാരിന്റെ കാലത്ത് ഭൂമിയുടെ അവകാശികളായി എന്നത് സന്തോഷവും അഭിമാനവും നൽകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തൃശൂരിൽ സംസ്ഥാനതല പട്ടയ മേളയുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിന് കുറച്ചുകൂടി സമയം കിട്ടിയാൽ അഞ്ചുലക്ഷം പട്ടയം കൈമാറാൻ കഴിയുമെന്ന പ്രതീക്ഷയുണ്ട്. ഇതുപോലുള്ള സന്തോഷങ്ങളെ പോലും ആപത്തായി കാണുന്ന ചെറുവിഭാഗമുണ്ട്.എന്നാിൽ ജാതിമത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെയാണ് ജനം നല്ല കാര്യങ്ങൾക്കൊപ്പം നിൽക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.അഞ്ചുലക്ഷം വീടുകളാണ് കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ലൈഫ് പദ്ധതി വഴി കൈമാറിയത്. തുടർഭരണം കൊണ്ടാണ് ഇതെല്ലാം സാദ്ധ്യമായതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

റവന്യൂമന്ത്രി കെ.രാജൻ അദ്ധ്യക്ഷനായി.റവന്യൂ ഭൂമിയുടെ സങ്കീർണതകൾ ഒഴിവാക്കി അത്ഭുതകരമായ മാജിക്കാണ് സർക്കാർ നിർവഹിച്ചതെന്ന് റവന്യൂമന്ത്രി വിശദീകരിച്ചു.മന്ത്രി ഡോ.ആർ.ബിന്ദു മുഖ്യാതിഥിയായി.എം.എൽ.എമാരായ പി.ബാലന്ദ്രൻ,എൻ.കെ.അക്ബർ,യു.ആർ.പ്രദീപ്,കെ.കെ.രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ലാൻഡ് റവന്യൂ കമ്മിഷണർ ജീവൻ ബാബു, അസി. കമ്മിഷണർ കെ.മീര തുടങ്ങിയവർ സംബന്ധിച്ചു.