ഒറ്റ ദൃശ്യം മതി, നിങ്ങൾക്കുമാവാം ലക്ഷപ്രഭു, കൂടെ കുഴിമന്തി ഫ്രീ
തിരുവനന്തപുരം: മന്ത്രി വീണാ ജോർജ്ജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യുക്കാർ കൈയേറ്റം ചെയ്യുന്നതിന്റെ ഒരു ദൃശ്യമെങ്കിലും കൈവശമുണ്ടോ?, എങ്കിൽ നിങ്ങൾക്കുമാവാം ലക്ഷപ്രഭു. പരിക്കേറ്റ വീണാ ജോർജ്ജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
യൂത്ത് കോൺഗ്രസും കെ.എസ്.യുവും മാത്രമല്ല, കേരള കോൺഗ്രസും ദൃശ്യം ചലഞ്ചുമായി രംഗത്തിറങ്ങി.
സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച ആർ.പി.എഫിന് മന്ത്രിയെ കൈയ്യേറ്റം ചെയ്യുന്ന ദൃശ്യം ലഭിക്കാത്ത സാഹചര്യത്തിൽ തെളിവ് ശേഖരണത്തിന് സഹായിക്കാനാണ് വമ്പൻ ഓഫറുകളെന്ന് സംഘടനകളുടെ വിശദീകരണം. 'നിങ്ങൾക്കും നേടാം ഒരു പവൻ സ്വർണം' എന്ന തലക്കെട്ടോടെയാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ കമ്മിറ്റി സോഷ്യൽ മീഡിയയിൽ പരസ്യം പ്രചരിപ്പിക്കുന്നത്. കൂട്ടത്തിൽ പിടലി തടവി ഇരിക്കുന്ന മന്ത്രി വീണആ ജോർജ്ജിന്റെ പടവും ചേർത്തിട്ടുണ്ട്.
കെ.എസ്.യു മട്ടന്നൂർ ബ്ളോക്ക് കമ്മിറ്റി ഒന്നാംതരം കുഴിമന്തിയാണ് പ്രഖ്യാപിച്ചത്. മന്ത്രിയുടെ സ്വന്തം ജില്ലയായ പത്തനംതിട്ടയിലെ യൂത്ത് കോൺഗ്രസുകാരും കുഴിമന്തി ഓഫർ ചെയ്തിട്ടുണ്ട്. ദൃശ്യം എത്തിച്ചാൽ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻവർക്കി ഒരു ലക്ഷമാണ് വാഗ്ദാനം ചെയ്തിട്ടുള്ളത്.
ആക്രമണ ദൃശ്യങ്ങൾ നൽകുന്നവർക്ക് കേരള കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി അഞ്ച് ലക്ഷം രൂപയുടെ ബമ്പർ സമ്മാനമാണ് പ്രഖ്യാപിച്ചത്. തെളിവ് ഹാജരാക്കാൻ എത്ര കാലം വേണമെങ്കിലും എടുക്കാമെന്നും അറിയിപ്പിൽ പറയുന്നു.
പ്രതിഷേധത്തിനിടെ ഒരു മന്ത്രിക്ക് പരിക്കേറ്റതായി പറയപ്പെടുന്ന സംഭവത്തിൽ വലിയ സമ്മാനങ്ങൾ പ്രഖ്യാപിക്കുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമാണ്.