മോഹൻ ലാലിനോട് പിണറായി: ``അമ്മയുടെ വേർപാട് ഏറ്റവും വലിയ ദുഃഖം``
തിരുവനന്തപുരം: അമ്മയുടെ മരണമാണ് ജീവിതത്തിൽ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അമ്മയുടെ മരണവാർത്ത മറ്റുള്ളവരെ അറിയിക്കാൻ കഴിയാത്ത വിധം തളർന്നുപോയ ആ നിമിഷം അദ്ദേഹം ഓർമ്മിച്ചു.
നടൻ മോഹൻലാലുമായുള്ള അഭിമുഖത്തിലാണ് ഹൃദയസ്പർശിയായ ഓർമ്മകൾ പങ്കുവെച്ചത് .
പാർട്ടി സെക്രട്ടറിയേറ്റ് മെമ്പറായി തിരുവനന്തപുരത്ത് മുഴുവൻ സമയ പ്രവർത്തനങ്ങളിലായിരുന്നു . എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കുമായിരുന്നു. ഒരു ദിവസം ഭാര്യ കമലയെ വിളിച്ചപ്പോൾ സംസാരത്തിൽ എന്തോ മാറ്റം തോന്നി. ഉടൻ നാട്ടിലേക്ക് തിരിച്ചു. രാവിലെ വീട്ടിലെത്തിയപ്പോൾ അമ്മ കിടപ്പിലായിരുന്നു. അമ്മയെ തന്റെ ദേഹത്തേക്ക് ചേർത്തിരുത്തി അൽപം വെള്ളം നൽകി. ആ വെള്ളം കുടിച്ചതിന് പിന്നാലെ അമ്മ പോയി. മരണ വിവരം മറ്റുള്ളവരോട് പറയണം. അതിനായി പുറത്തിറങ്ങി. നാട്ടുകാരനായ നാണു മുന്നിൽ വന്നു. പക്ഷേ, ഒരക്ഷരം പറയാനാകുന്നില്ല. വാക്ക് വരുന്നില്ല. അത് അതങ്ങനെ ഒരു ബന്ധമായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിച്ചു.തന്നെ ഏറെ കരുതലോടെ വളർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് അമ്മ.അഞ്ചാം തരത്തിൽ പഠനം ഉപേക്ഷിച്ച് ബീഡി കെട്ടുന്ന പണിക്ക് പോയി. അവിടെ ചെന്നപ്പോൾ കുട്ടി പഠിക്കട്ടെ എന്നാണ് അവർ പറഞ്ഞത്. അതറിഞ്ഞ് എത്തിയ പ്രധാനാധ്യാപകനും മാനേജരും അമ്മയോട് സംസാരിച്ചതിന് പിന്നാലെയാണ് യു.പി സ്‌കൂളിൽ ചേർന്നത്.
അച്ഛനും അമ്മയും ഈശ്വരവിശ്വാസികളായിരുന്നോ എന്ന ചോദ്യത്തിന്, ഈശ്വര വിശ്വാസം മാത്രമല്ല, ഭൂതപ്രേത കാര്യങ്ങളിലെല്ലാം വിശ്വാസം ഉണ്ടായിരുന്നുവെന്ന് മറുപടി.
'കണ്ടും മിണ്ടിയും ഇരുവർ' എന്ന പേരിലാണ് പി.ആർ.ഡി തയാറാക്കിയ അഭിമുഖം. ക്ലിഫ് ഹൗസിലായിരുന്നു ചിത്രീകരണം.