വീണ്ടും തീപാറും പോരാട്ടം താനൂരിൽ വി.അബ്ധുറഹിമാൻ; ലീഗിന് യുവരക്തമിറങ്ങിയേക്കും

Friday 27 February 2026 2:49 AM IST

മലപ്പുറം: താനൂരിൽ മന്ത്രി വി.അബ്ദുറഹിമാനെ വീണ്ടും മത്സരിപ്പിക്കാൻ സി.പി.എം ജില്ലാ സെക്രട്ടേറിയേറ്റിൽ ധാരണയായതോടെ ഇത്തവണയും മത്സരം കനക്കും. യു.ഡി.എഫിലെ വോട്ടുകൾ അടർത്തിയാലേ മണ്ഡലത്തിൽ വിജയസാദ്ധ്യതയുള്ളൂ എന്ന് വിലയിരുത്തിയ സി.പി.എം, ഇതിനേറ്റവും അനുയോജ്യൻ വി.അബ്ദുറഹിമാനാണെന്ന് വിലയിരുത്തി.

ഇനിയും താനൂർ കൈവിട്ടാൽ ഭാവിയിൽ തിരിച്ചുപിടിക്കാനുള്ള സാദ്ധ്യത വിരളമാവുമെന്ന് വിലയിരുത്തുന്ന മുസ്ലിം ലീഗ് പുതുതലമുറയുടെ വോട്ട് കൂടി സമാഹരിക്കാൻ കഴിയുന്ന യുവസ്ഥാനാർത്ഥികളെ മത്സര രംഗത്തിറക്കാനാണ് ആലോചിക്കുന്നത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ്, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി ഫൈസൽബാബു എന്നിവരുടെ പേരുകൾ പരിഗണനയിലുണ്ട്. മുൻഅദ്ധ്യക്ഷന്മാരെ അപേക്ഷിച്ച് എം.എസ്.എഫിനെ കൂടുതൽ സജീവമാക്കാനും സമരരംഗങ്ങളിൽ മുന്നണി പോരാളിയാവാനും പി.കെ.നവാസിന് സാധിച്ചിട്ടുണ്ട്. യുവതലമുറയെ ആകർഷിക്കുന്ന മികച്ച വാഗ്മിയും സംഘാടകനുമെന്ന പ്രത്യേകത ഫൈസൽ ബാബുവിനുണ്ട്. അതേസമയം അബ്ദുറഹിമാനോട് കിടപിടിക്കുന്ന പരിചയസമ്പത്തുള്ള പ്രധാന ലീഗ് നേതാവിനെ മത്സരിപ്പിക്കണമെന്ന ആവശ്യവും പാർട്ടിക്കുള്ളിലുണ്ട്.

അന്നത്തെ പച്ചക്കട്ടയല്ല

1957 മുതൽ 2011 വരെ നടന്ന 13 തിരഞ്ഞെടുപ്പുകളിൽ ലീഗിന് വലിയ ഭൂരിപക്ഷം നൽകിയ മണ്ണാണ് താനൂരിലേത്. ലീഗിന്റെ അതികായകരായ സി.എച്ച്.മുഹമ്മദ് കോയ,​ ഉമ്മർ ബാഫഖി തങ്ങൾ, സീതി ഹാജി. ഇ.അഹമ്മദ്, യു.എ. ബീരാൻ ഉൾപ്പെടെ വിജയിച്ച് കയറിയ മണ്ഡലം.

2008ലെ മണ്ഡല പുനിർണ്ണയത്തോടെ താനൂരിന്റെ സ്വഭാവം മാറി. ലീഗിന്റെ ശക്തികേന്ദ്രങ്ങളായ നന്നമ്പ്ര, തെന്നല, എടരിക്കോട്, പെരുമണ്ണ ക്ലാരി, പറപ്പൂർ പഞ്ചായത്തുകൾ, തിരൂരങ്ങാടി, വേങ്ങര മണ്ഡലങ്ങളുടെ ഭാഗമായി മാറി. പകരം വന്നത് കുറ്റിപ്പുറം മണ്ഡലത്തിന്റെ ഭാഗമായ ചെറിയമുണ്ടം.

2016ൽ വി.അബ്ദുറഹ്മാൻ ആദ്യമായി ചെങ്കൊടി പാറിച്ചു. തുടർച്ചയായി രണ്ടുതവണ മണ്ഡലത്തെ പ്രതിനിധീകരിച്ച അബ്ദുറഹ്മാൻ രണ്ടത്താണിയെ തറപറ്റിച്ചായിരുന്നു വി.അബ്ദുറഹ്മാന്റെ വിജയം . 2021ൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും യുവരക്തവുമായ പി.കെ. ഫിറോസിനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാമെന്ന് ലീഗ് കണക്കുകൂട്ടിയെങ്കിലും കന്നിയങ്കത്തിൽ ഫിറോസിന് കാലിടറി. എങ്കിലും ശക്തമായ മത്സരത്തിലൂടെ വി.അബ്ദുറഹിമാന്റെ ഭൂരിപക്ഷം 985 വോട്ടായി കുറയ്ക്കാനായി. 2016ൽ 4,918 വോട്ടായിരുന്നു ഭൂരിപക്ഷം.

മുന്നണികളുടെ പ്രതീക്ഷയിങ്ങനെ

യു.ഡി.എഫ്

  • തദ്ദേശ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിലെ മേൽക്കോയ്മയിലാണ് യു.ഡി.എഫിന്റെ പ്രതീക്ഷ.
  • താനൂർ നഗരസഭയും അഞ്ച് പഞ്ചായത്തുകളും അടങ്ങിയതാണ് നിയോജക മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പിൽ ആറിൽ നാലും യു.ഡി.എഫിനൊപ്പമാണ്.
  • നിറമരുതൂർ പഞ്ചായത്തിൽ ഇടതും പൊന്മുണ്ടത്ത് കോൺഗ്രസും സി.പി.എമ്മും ഉൾപ്പെട്ട സഖ്യവുമാണ് ഭരിക്കുന്നത്.
  • ലോക്‌സഭ തിരഞ്ഞെടുപ്പിൽ 40,000ത്തോളം വോട്ടിന്റെ ഭൂരിപക്ഷവും യു.ഡി.എഫിനുണ്ട്.
  • 2021ൽ ഇടതുസർക്കാരിന് അനുകൂലമായ തരംഗം കേരളത്തിൽ അലയടിച്ചപ്പോഴും താനൂരിൽ കഷ്ടിച്ചാണ് അബ്ദുറഹിമാന് വിജയിക്കാനായത്.

എൽ.ഡി.എഫ്

  • മുൻകോൺഗ്രസുകാരനെന്ന പരിവേഷത്തിൽ വി.അബ്ദുറഹിമാനിലൂടെ മറുകണ്ടം ചാടുന്ന കോൺഗ്രസ് വോട്ടുകളിലാണ് സി.പി.എം പ്രതീക്ഷയർപ്പിക്കുന്നത്.
  • പൊന്മുണ്ടം, ചെറിയമുണ്ടം പഞ്ചായത്തുകളിൽ കോൺഗ്രസ് ലീഗ് ഭിന്നത ശക്തമാണ്. പൊന്മുണ്ടത്ത് ലീഗിനെ അട്ടിമറിച്ച് ജനകീയ മുന്നണി അധികാരത്തിലേറി.
  • ലീഗ് -കോൺഗ്രസ് ജില്ലാ നേതൃത്വങ്ങൾ കിണഞ്ഞു പരിശ്രമിച്ചിട്ടും തദ്ദേശ തിരഞ്ഞെടുപ്പിലും ഐക്യം കൊണ്ടുവരാൻ സാധിച്ചിട്ടില്ല. ഈ രണ്ട് പഞ്ചായത്തുകളിലെ വോട്ടുകളാണ് താനൂരിന്റെ വിജയപരാജയങ്ങൾ തീരുമാനിക്കാറുള്ളത്.

എൻ.ഡി.എ

  • തദ്ദേശ തിരഞ്ഞെടുപ്പുകളിൽ താനൂർ നഗരസഭയിലടക്കം ഉണ്ടായ മുന്നേറ്റം ബി.ജെ.പിയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്.
  • നിയമസഭ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 2024ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ 5,​000ത്തോളം വോട്ടുകൾ അധികം സമാഹരിക്കാനായി.

തിരഞ്ഞെടുപ്പ് ചിത്രമിങ്ങനെ

നിയമസഭ 2021

ആകെ പോൾ ചെയ്ത വോട്ട്: 1,70,851

വി.അബ്ദുറഹിമാൻ (സി.പി.എം സ്വത.): 70,704

(46.34% വോട്ട്)

പി.കെ.ഫിറോസ് (മുസ്ലിം ലീഗ്) : 69,719

(45.70 %)

കെ.നാരായണൻ (ബി.ജെ.പി) : 10,590

( 6.94 %)

ഭൂരിപക്ഷം: 985

ലോക്‌സഭ 2024 ( താനൂരിലെ വോട്ട്)

എം.പി.അബ്ദുസമദ് സമദാനി (ലീഗ്): 83,556 കെ.എസ്.ഹംസ (ഇടതുസ്വതന്ത്രൻ): 41,587 അഡ്വ. നിവോദിത സുബ്രഹ്മണ്യൻ (ബി.ജെ.പി) 14,861