ജില്ലാതല പട്ടയമേളയിൽ 3342 പട്ടയങ്ങൾ വിതരണം ചെയ്തു
മലപ്പുറം: പട്ടയ വിതരണത്തിൽ സർവകാല റെക്കാഡ് സൃഷ്ടിക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി മന്ത്രി വി.അബ്ദുറഹ്മാൻ. റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സംസ്ഥാനതല പട്ടയ വിതരണ പരിപാടിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് മലപ്പുറം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പട്ടയ വിതരണം നടത്തുകയായിരുന്നു അദ്ദേഹം.
3,342 പേർക്ക് പട്ടയം വിതരണം ചെയ്യുന്ന മലപ്പുറം പട്ടയ വിതരണത്തിൽ സംസ്ഥാനത്ത് തന്നെ മുന്നിട്ടുനിൽക്കുന്നു. എസ്.ഐ.ആർ പ്രവർത്തനങ്ങൾക്കിടയിലും പട്ടയ വിതരണത്തിന് ജീവനക്കാരുടെ ശ്രമമുണ്ടായതിനാലാണ് ജില്ലയിൽ ഇത്രയും പട്ടയങ്ങൾ നൽകാൻ കഴിഞ്ഞത്. പട്ടയ വിതരണ ചരിത്രത്തിൽ കുറഞ്ഞകാലം കൊണ്ട് കൂടുതൽ പട്ടയം നൽകാൻ ജില്ലയ്ക്ക് സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. പരിപാടിയിൽ ജില്ലാ കളക്ടർ വി.ആർ വിനോദ് സ്വാഗതം പറഞ്ഞു. പി. ഉബൈദുള്ള എം.എൽ.എ, മഞ്ഞളാംകുഴി അലി എം.എൽ.എ സംസാരിച്ചു. ഡെപ്യൂട്ടി കളക്ടർ (എൽ.ആർ) വി.ടി.ഘോളി നന്ദി പറഞ്ഞു. എ.ഡി.എം കെ.ദേവകി, വാർഡ് കൗൺസിലർ ശബ്ന മൻസൂർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സംബന്ധിച്ചു. തൃശൂരിൽ നടന്ന പട്ടയ വിതരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. പരിപാടിയിൽ റവന്യൂ മന്ത്രി കെ. രാജൻ അദ്ധ്യക്ഷത വഹിച്ചു.
ഭൂമിയുടെ അവകാശികളാകുന്നത് 3,342 കുടുംബങ്ങൾ
മലപ്പുറം കളക്ടറേറ്റ് കോൺഫറസ് ഹാളിൽ നടന്ന ജില്ലാതല പട്ടയമേളയിൽ ഭൂമിയുടെ അവകാശികളായി മാറിയത് 3,342 കുടുംബങ്ങൾ.
മിക്കവരും ഭൂമി കൈവശം വച്ച് വീടുവച്ച് താമസിച്ചുവരികയായിരുന്നു. എന്നാൽ ഭൂമിയുടെമേൽ നിയമപരമായ അവകാശം അവർക്കുണ്ടായിരുന്നില്ല. പട്ടയം ലഭിച്ചതോടെ അത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി.
കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ 60,000ത്തിലേറെ പട്ടയങ്ങൾ വിതരണം ചെയ്തു,
തിരൂർ ലാൻഡ് ട്രൈബ്യൂണലിലെ 1288 പട്ടയങ്ങൾ, തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണലിലെ 503 പട്ടയങ്ങൾ, മഞ്ചേരി ലാൻഡ് ട്രൈബ്യൂണലിലെ 1250 പട്ടയങ്ങൾ, മലപ്പുറം ദേവസ്വം ട്രൈബ്യൂണലിലെ 184 പട്ടയങ്ങൾ, മിച്ചഭൂമി 77, ഭൂപതിവ് പട്ടയം 27, സുനാമി പട്ടയം 4, രാജീവ് ദശലക്ഷം പട്ടയം 9 എന്നിവ ഉൾപ്പെടെ ആകെ 3342 പട്ടയങ്ങൾ ആണ് വിതരണം ചെയ്തത്.