കേരളത്തിലെ ഈ പ്രദേശത്തുള്ളവർ ഇനി ലക്ഷാധിപതികളും കോടീശ്വരൻമാരുമാകും
ചാവക്കാട്: ചിങ്ങനാത്തുകടവ് പാലം അപ്രോച്ച് റോഡ് നിർമ്മാണത്തിന് സ്ഥലം വിട്ടുനൽകുന്ന ഭൂവുടമകൾക്ക് നഷ്ടപരിഹാരമായി പത്ത് കോടി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റിയൊൻപതിനായിരത്തി ഒരുനൂറ്റി തൊണ്ണൂറ്റിയെട്ട് രൂപ (10,03,99,198) അനുവദിച്ചു. കിഫ്ബി സ്‌പെഷ്യൽ തഹസിൽദാരുടെ അക്കൗണ്ടിലേക്ക് തുക കൈമാറി. സ്ഥലം ഏറ്റെടുത്തുകൊണ്ടുള്ള വിജ്ഞാപനവും ഭൂവുടമകൾക്ക് തുക കൈമാറലും ഉടൻ നടക്കുമെന്ന് എൻ.കെ.അക്ബർ എം.എൽ.എ അറിയിച്ചു.
ചിങ്ങനാത്തുകടവ് പാലം സംബന്ധിച്ച അവലോകന യോഗം ചാവക്കാട് റസ്റ്റ് ഹൗസിൽ എൻ.കെ.അക്ബർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. യോഗത്തിൽ നഗരസഭ ചെയർമാൻ എ.എച്ച്.അക്ബർ, കെ.എച്ച്.സലാം, പി.ഐ.വിശ്വംഭരൻ, സീന, ഫബീന നൗഷാദ്, ഷിബു, സിന്ധു, പ്രതാപൻ, രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ചിങ്ങനാത്തുകടവ് പാലം 48 കോടി ചെലവിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 48 കോടി രൂപ ചെലവിലാണ് ചിങ്ങനാത്തുകടവ് പാലം നിർമ്മിക്കുന്നത്. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വലിയ പദ്ധതികളിൽ ഒന്നാണിത്. കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) പാലവും അപ്രോച്ച് റോഡും നിർമ്മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതികാനുമതി നൽകുന്ന നടപടിയായി. ടെണ്ടർ നടപടികൾ ആരംഭിച്ചു. പാലത്തിനും അപ്രോച്ച് റോഡിനുമായി 38 കോടി രൂപയാണ് ചെലവ് വരുന്നത്. 9.75 മീറ്റർ വീതിയിലും 253 മീറ്റർ നീളത്തിലുമാണ് പാലം നിർമ്മിക്കുന്നത്. പാലത്തിന്റെ ഇരുവശത്തും 1.5 മീറ്റർ വീതിയിൽ ഫുട്പാത്തും നിർമ്മിക്കും. പാലത്തിന് സമീപം 9 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന പ്രധാന റോഡിന് ഇരുവശത്തുമായി 3.5 മീറ്റർ വീതിയിൽ സർവീസ് റോഡും നിർമ്മിക്കുന്നുണ്ട്. ദേശീയപാതയിൽ നിന്നും ചാവക്കാട്, ഗുരുവായൂർ പ്രദേശത്തേക്കുള്ള പ്രധാന ബൈപാസായി ചിങ്ങനാത്തുകടവ് പാലവും അപ്രോച്ച് റോഡും മാറും.