ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവ് മരിച്ചു, സംഭവം ഇന്ന് പുലർച്ചെയോടെ
Friday 27 February 2026 6:57 AM IST
കണ്ണൂർ: ആറളം ഫാമിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം. ആദിവാസികളെ പുനരധിവസിപ്പിച്ച പത്താം ബ്ലോക്കിലാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പത്താം ബ്ലോക്കിലെ സോമന്റെ മകൻ അനീഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിക്ക് വീടിനുപുറത്തേക്ക് ഇറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്തുനിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു.
അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു. ഉടന്‍ വീട്ടുകാര്‍ പേരാവൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്കുമാറ്റാൻ നിർദേശിച്ചിരുന്നു. പരിയാരത്തേക്ക് മാറ്റുന്നതിന് ഇടയ്ക്ക് മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്. നേരത്തെയും ആറളം ഫാമിൽ രണ്ടുപേർ കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചിരുന്നു.