'മുഖ്യമന്ത്രിയുടെ മുഖം കാണാൻ ജനത്തിന് താൽപര്യമില്ല,​ അതുകൊണ്ട് മോഹൻലാലിനെ ഒപ്പമിരുത്തി'; പരിഹസിച്ച് ശോഭാ സുരേന്ദ്രൻ

Friday 27 February 2026 8:32 AM IST

കൊല്ലം: നടൻ മോഹൻലാലുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിമുഖമായ കണ്ടും മിണ്ടിയുമെന്ന പരിപാടിയെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ മുഖം കാണാൻ ജനത്തിന് താത്പര്യമില്ലാത്തതിനാലാണ് മോഹൻലാലിനെ ഒപ്പമിരുത്തി അഭിമുഖം നടത്തിയതെന്നും അവർ പറഞ്ഞു. ബിജെപിയിൽ ചേർന്ന മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ഉപാദ്ധ്യക്ഷയും ജില്ലാപഞ്ചായത്ത് മുൻ അംഗവുമായ ആർ രശ്മിക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രൻ. പിണറായി വിജയൻ പറയുന്നതുകേട്ട് മന്ത്രി വീണാ ജോർജ് അഭിനയിക്കുകയായിരുന്നുവെന്നും ശോഭാ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

അതേസമയം,​ വിശ്വാസകാര്യത്തിലും വികസനകാര്യങ്ങളിലും തീരുമാനമെടുക്കാൻ കഴിയാത്ത സർക്കാരിന് മദ്യവിൽപനയുടെ സമയം കൂട്ടാനുള്ള തീരുമാനമെടുക്കാൻ മണിക്കൂറുകൾ മാത്രമാണ് വേണ്ടിവന്നതെന്ന് ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തി. മൂന്നരപ്പതിറ്റാണ്ടുവീതം ഭരിച്ച സിപിഎമ്മും കോൺഗ്രസും ഇപ്പോൾ നവകേരളവും പുതുയുഗവും വാഗ്ദാനം ചെയ്യുകയാണ്. ഇത്രയുംനാൾ ഇവർ കേരളത്തിനുനൽകിയത് ഇരുണ്ടയുഗമാണെന്നും ഇരുപാർട്ടികളിൽ നിന്നും നേതാക്കളും പ്രവർത്തകരും ബിജെപിയിലേക്ക് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദിന്റെ അദ്ധ്യക്ഷതയിൽ ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രഭാരി ടി ആർ അജിത്കുമാർ, മുൻ ജില്ലാ പ്രസിഡന്റ് ജി ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ ആർ അരുൺ, വയയ്ക്കൽ സോമൻ, ആലഞ്ചേരി ജയചന്ദ്രൻ, അരുൺ കാടാംകുളം, വി വിദ്യ, എം ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.