ഉത്തരേന്ത്യക്കാർക്ക് പ്രിയപ്പെട്ടതായി മാറി, വിൽപന വൻ ലാഭത്തിൽ: മലയാളികളുടെ പോക്കറ്റ് നിറഞ്ഞു
കുരുമുളകിന്റെയും റബ്ബറിന്റെയും വിലയിടിവിൽ ആശങ്കയിലായിരുന്ന കർഷകർക്ക് ആശ്വാസമായി പുതിയ വില വർദ്ധനവ്. അന്തർസംസ്ഥാന കച്ചവടക്കാർ തിരക്കിട്ട് വാങ്ങാൻ തുടങ്ങിയതോടെ കർഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനു വിരാമമായി. കഴിഞ്ഞ വാരം കുരുമുളകിനു കിലോ എഴുന്നൂറ് രൂപ കടന്നു. ഇനിയും വില വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
കർഷകർക്ക് കിലോയ്ക്ക് 15 രൂപയോളമാണ് ലാഭം കിട്ടിയത്. അനുദിനം വില കൂടാൻ തുടങ്ങിയതോടെ വൻകിട കർഷകരും കച്ചവടക്കാരും കുരുമുളക് വിൽക്കാതെ പിടിച്ചുവയ്ക്കാനും തുടങ്ങി. സീസൺ തുടങ്ങിയിട്ടും പുതിയ മുളകിന്റെ വരവ് ഇനിയും പ്രതീക്ഷയ്ക്കൊത്ത് ഉയർന്നിട്ടില്ലെന്നാണ് കയറ്റുമതിക്കാർ പറയുന്നത്. അന്തർ സംസ്ഥാന കച്ചവടക്കാർ മസാല കമ്പനികൾക്കു വേണ്ടി മുൻകൂട്ടി നിശ്ചയിച്ച ചരക്കെത്തിക്കാൻ കഴിയാതെ വന്നതോടെ അന്തർസംസ്ഥാന കച്ചവടക്കാരുടെ വാങ്ങലാണ് കുരുമുളകിന് തുണയായത്. ഉത്തരേന്ത്യയിൽ കുരുമുളകിന് നല്ല ഡിമാൻഡാണ്. ഗ്രാമീണ മേഖലയിലെ ചെറുകിട കർഷകരുടെ ഏക വരുമാന മാർഗമാണ് കുരുമുളകും റബറും.
പ്രതീക്ഷയേകി എക്സ്പോർട്ട് കമ്പനിയും
എക്സ്പോർട്ട് കമ്പനികളുടെ ഇടനിലക്കാരും കുരുമുളകിനായി വിപണിയിലുണ്ട്. മൊത്തം പണം കൊടുക്കാതെ കടമായി വാങ്ങാനാണ് ഇവരുടെ നീക്കം. മാർക്കറ്റ് വിലയേക്കാൾ കിലോയ്ക്ക് ഇരുപത് രൂപ കൂടുതൽ നൽകാമെന്നു പറഞ്ഞ് ഒരു മാസത്തെ അവധിക്കാണ് ഇവർ കുരുമുളക് ആവശ്യപ്പെടുന്നത്. ഉയർന്ന വില കിട്ടുമെന്നതിനാൽ ചെറുകിട,വൻകിട കർഷകരിൽ പലരും ഇവർക്ക് നൽകാറുണ്ട്.
ആശ്വാസമായി റബ്ബർ വിലയും
റബ്ബറിന്റെ വില വർദ്ധനവും കർഷകർക്ക് ആശ്വാസമായി. കിലോ 5 രൂപ വീതം വില ഉയർത്തിയാണ് ടയർ കമ്പനികൾ ഷീറ്റ് വാങ്ങുന്നത്. ഉത്പാദനം കുറഞ്ഞതോടെ റബ്ബറിന് ക്ഷാമം തുടങ്ങി ഇലകൊഴിച്ചിലിന് ശേഷം പുതിയ ഇലകൾ കിളിർത്തുതുടങ്ങി, ഇനി പറ്റുന്നത് മാർച്ച് ഏപ്രിൽ മാസങ്ങളിലാണ്. ഈ കാലയളവിൽ ഉണ്ടാകുന്ന വേനൽമഴ ഉൽപാദനത്തിന് അനുകൂലമാണ്.